'ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം.ബി രാജേഷിനെതിരെ വി.ടി ബല്‍റാം
|'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്‍റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചാണ് വി.ടി ബല്‍റാം പ്രതികരിച്ചത്.
ഡല്‍ഹി വംശഹത്യക്കാഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. 'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്‍റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചാണ് വി.ടി ബല്‍റാം പ്രതികരിച്ചത്. ഈ സൗഹൃദമില്ലായ്മയിൽ സന്തോഷിക്കുന്നതായും അഭിമാനിക്കുന്നതായും വി.ടി ബല്‍റാം വ്യക്തമാക്കി.
ദല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണ് എം.ബി രാജേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. പത്തുവർഷം പാർലമെന്‍റില്‍ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണ് അനുരാഗ് താക്കൂറുമായുള്ളതെന്നും പാർലമെന്‍റില്‍ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും എം.ബി രാജേഷ് കുറിപ്പില്‍ ഓര്‍മ്മിക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.
എം.ബി രാജേഷിന്‍റെ അനുരാഗ് താക്കൂറുമൊരുമിച്ചുള്ള സൗഹൃദ പോസ്റ്റിനെതിരെ സി.പി.എം സൈബര്‍ അണികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്.