ഡോക്ടർക്ക് മർദനമേറ്റ സംഭവം; പ്രതിഷേധവുമായി ഐ.എം.എ
|കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). അന്വേഷണം ഊർജിതമാക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐ.എം.എ വ്യക്തമാക്കി.
സെപ്തംബർ 30നാണ് ഡോക്ടർക്ക് മർദനമേറ്റത്. ഫാത്തിമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം ഡോക്ടറായ മൊഹാദ് തങ്ങളാണ് മര്‍ദനത്തിനിരയായത്. ചികിത്സയ്ക്കിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു കൂട്ടം വിദ്യർഥികൾ ആശുപത്രിയിൽ എത്തുകയും ഡോക്ടറെ പുറത്തേക്കു വിളിച്ച് കൊണ്ടുപോയി മർദിക്കുകയുമായിരുന്നു.
അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയില്‍ അക്രമം നടത്തുന്നതിനെതിരെയുള്ള പ്രത്യേക വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദനം. ഉച്ചയ്ക്ക് 12.30ഓടെ ഡ്യൂട്ടിയില്‍ ഇരുന്ന ഡോക്ടറെ പുറത്തേയ്ക്ക് വിളിച്ചിറക്കി 25ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടെ പിടിച്ചുമാറ്റാനായി ചെന്ന സ്ത്രീകളടക്കമുള്ള ജീവനക്കാരെയും കൈയേറ്റം ചെയ്തു. ചെവിക്ക് ഗുരുതര പരുക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.