സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഓണ്‍ലൈനാക്കണമെന്ന് ഐഎംഎ
|'സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കും'
സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വലായി നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്നും ഐഎംഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണെന്ന ചര്‍ച്ചയുണ്ടായിട്ടുണ്ട്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണം- ഐഎംഎ പറഞ്ഞു.
സംസ്ഥാനത്തെ ലോക്ഡൗൺ ഒരാഴ്ച്ച കൂടി നീട്ടാനുള്ള സർക്കാർ തീരുമാനത്തെ ഐഎംഎ അഭിനന്ദിച്ചു. എല്ലാവർക്കും കോവിഡ് വാക്സിന്‍ നല്‍കുക മാത്രമാണ് കോവിഡിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിക്കാനുള്ള മാർഗമെന്നും ഐഎംഎ പറഞ്ഞു.
ഈ മാസം 20 നാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോക്കോളും ലോക് ഡൗണും കാരണം പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. അതേസമയം ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.