Kerala
പി.എസ്.സി പരീക്ഷാ പരിശോധനക്കിടെ ഇറങ്ങിയോടിയ സംഭവം:  പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്
Kerala

പി.എസ്.സി പരീക്ഷാ പരിശോധനക്കിടെ ഇറങ്ങിയോടിയ സംഭവം: പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്

Web Desk
|
8 Feb 2024 8:04 AM GMT

തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എ എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം കണ്ടെത്തിയ കേസിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. ആസൂത്രണം നടത്തിയയാളെ കണ്ടെത്തിയെങ്കിലും ആൾമാറാട്ടം നടത്തിയയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല...നേമം സ്വദേശി അമൽജിത്തിന് വേണ്ടിയാണ് ആൾമാറാട്ടം നടന്നത്. പി.എസ്.സിയുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

ഇന്നലെ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എ എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥൻ എത്തിയത്.

പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വിരൽ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാൾ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. അമൽജിത്താണ് പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇരുവരും ഒളിവിലാണ്. അമൽജിത്തിനെ പിടികൂടിയാൽ മാത്രമേ ആൾമാറാട്ടം നടത്തിയയാളെ കണ്ടെത്താനാവൂ എന്നും പൊലീസ് അറിയിച്ചു.

Similar Posts