അഭിമന്യു കേസിലെ സുപ്രധാന രേഖകൾ 2022ൽ തന്നെ നഷ്ടമായെന്ന് സംശയം; ഹൈക്കോടതി അന്വേഷിക്കണമെന്ന ആവശ്യം ശക്തം
|കുറ്റപത്രം, പോസ്റ്റ്മോര്ട്ടം സർട്ടിഫിക്കറ്റ് അടക്കം 11 രേഖകളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് നഷ്ടമായിരുന്നത്
കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാതായത് ഹൈക്കോടതി അന്വേഷിക്കണമെന്ന ആവശ്യം ശക്തം.രേഖകൾ രണ്ട് വർഷം മുൻപ് തന്നെ നഷ്ടമായെന്ന സംശയം നിൽക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.അതിനിടെ പ്രോസിക്യൂഷൻ വീണ്ടും തയ്യാറാക്കുന്ന രേഖകളെ കോടതിയിൽ ചോദ്യം ചെയ്യാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
കുറ്റപത്രം, പോസ്റ്റ്മോര്ട്ടം സർട്ടിഫിക്കറ്റ് അടക്കം 11 രേഖകളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് നഷ്ടമായിരുന്നത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം രേഖകൾ വീണ്ടും തയ്യാറാക്കുകയാണ് പ്രോസിക്യൂഷൻ. അപ്പോഴും സുപ്രധാന രേഖകൾ കാണാതായതിൽ എന്ത് കൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. രേഖകൾ 2022ൽ തന്നെ നഷ്ടമായെന്ന സംശയമാണ് നിലനിൽക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുൻപ് പിഎഫ്ഐ പ്രവർത്തകരായിരുന്നവരുടെ പേരിലുളള കേസുകളുടെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2022ൽ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ എറണാകുളം സെഷൻസ് കോടതിയിലെത്തി. എന്നാൽ രേഖകൾ ലഭിച്ചിരുന്നില്ല. ഇതാണ് രേഖകൾ അന്ന് തന്നെ നഷ്ടമായെന്ന സംശയത്തിന് കാരണം.
രേഖകൾ കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് നഷ്ടമായെന്ന വിവരം കഴിഞ്ഞ ഡിസംബറിൽ സെഷൻസ് കോടതി ഹൈക്കോടതിയെ അറിയിച്ചിട്ടും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. കേസിലെ സുപ്രധാന രേഖകൾ വീണ്ടും തയ്യറാക്കുന്നത് വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ വീണ്ടും തയ്യാറാക്കുന്ന രേഖകളെ കോടതിയിൽ ചോദ്യം ചെയ്യാനാണ് പ്രതിഭാഗത്തിന്റെ നീക്കം.