ഇരവാദം ഉയർത്തി രക്ഷപ്പെടാമെന്ന് സി.പി.എം കരുതേണ്ട -വി. മുരളീധരൻ
|‘പിണറായി വിജയൻ ആണെങ്കിലും അദ്ദേഹത്തിന്റെ മകളാണെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകും’
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണത്തിൽ ഇരവാദം ഉയർത്തി രക്ഷപ്പെടാമെന്ന് സി.പി.എം കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ . എല്ലാ കേസുകളിലും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിൽ കിടന്നത് അതിന് ഉദാഹരണമാണെന്നും മുരളീധരൻ പറഞ്ഞു.
വ്യവസായി മന്ത്രി വിഷയത്തിൽ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾ 1.75 കോടി ഒരു കമ്പനിയിൽനിന്ന് വാങ്ങിയത് രണ്ട് കമ്പനികൾക്കിടയിലെ ഇടപാടാണെന്ന സി.പി.എം വാദം പൊളിഞ്ഞുപോയി.
എന്ത് ബിസിനസ് ഇടപാടാണ് ഇവർ തമ്മിൽ നടന്നതെന്ന് പറയണം. ഏത് ബിസിനസിന്റെ പേരിലാണ് 1.75 കോടി രൂപ കിട്ടിയതെന്ന് വിശദീകരിക്കണം. അത് ഇതുവരെ സി.പി.എം വിശദീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉത്തരവ് വന്നത്. മാർകിസ്റ്റ് പാർട്ടിയാണെങ്കിലും പിണറായി വിജയൻ ആണെങ്കിലും അദ്ദേഹത്തിന്റെ മകളാണെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി. മുരളീധരൻ പറഞ്ഞു.
കരിമണല്‍ കമ്പനി സി.എം.ആര്‍.എല്ലുമായി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനുള്ള ബന്ധം അന്വേഷിക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കമ്പനി വീണയുടെ കമ്പനിക്ക് നൽകിയ തുകയെക്കുറിച്ചായിരിക്കും അന്വേഷിക്കുക.