ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി മരിച്ചു
|ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എറിഞ്ഞ പിതാവ് പിന്നീട് പെൺകുട്ടിയെ പുഴയിലേക്ക് എറിയുന്നതിനിടെ കുട്ടി കുതറി മാറിയെന്നും ദൃക്സാക്ഷികൾ പറയുന്നു
എറണാകുളം: ആലുവയിൽ കുട്ടികൾക്കൊപ്പം പുഴയിൽ ചാടിയ പിതാവും മരിച്ചു. രണ്ടു കുട്ടികളും നേരത്തെ മരിച്ചിരുന്നു. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും മകൾ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണപ്രിയ, മകൻ ഏഴാം ക്ലാസ് വിദ്യാർഥി ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട തിരിച്ചിലിനൊടുവിലാണ് പിതാവിന്റെ മൃതദേഹം കണ്ടെടുത്തത്. വൈകീട്ട് നാലരയോടെയാണ് പിതാവ് രണ്ടു കുട്ടികളുമായി പുഴയിൽ ചാടിയത്. രാജിയാണ് ഉല്ലാസിന്റെ ഭാര്യ.
ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്ന നടപ്പാലത്തിന് മുകളിൽ നിന്ന് പിതാവ് രണ്ട് കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 16 വയസ്സുള്ള പെൺകുട്ടിയെയും 13 വയസ്സുള്ള ആൺകുട്ടിയെയുമാണ് ഇയാൾ പുഴയിലേക്ക് എറിഞ്ഞത്. ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എറിഞ്ഞ പിതാവ് പിന്നീട് പെൺകുട്ടിയെ പുഴയിലേക്ക് എറിയുന്നതിനിടെ കുട്ടി കുതറി മാറിയെന്നും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് ബലമായി പിടിച്ച് പെൺകുട്ടിയെ ഇയാൾ പുഴയിലേക്ക് എറിയുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയിരുന്നു. ഫയർഫോഴ്സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നല്ല ഒഴുക്കുള്ള സ്ഥലത്താണ് പിതാവ് രണ്ടു കുട്ടികളെയുംകൊണ്ട് ചാടിയത്.