വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതിലെ യാത്രാ ക്ലേശം പരിഹരിക്കുന്നത് വൈകും
|റെയിൽവേ ടൈം ടേബിൾ പുതുക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ കടന്നു പോകുന്നതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അവസാനിക്കാൻ യാത്രക്കാർ ഇനിയും കാത്തിരിക്കണം.
റെയിൽവേ ടൈംടേബിൾ പുതുക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. അടിയന്തര പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സംസ്ഥാനത്ത് ഓടുന്ന പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ മിക്ക ട്രെയിനുകളും വന്ദേ ഭാരതുകളുടെ വരവോടെ സമയക്രമം തെറ്റിയാണ് ഓടുന്നത്. ട്രെയിനുകളുടെ സമയക്രമം തെറ്റിയതോടെ ആയിരക്കണക്കിന് സ്ഥിര യാത്രക്കാരാണ് ദുരിതത്തിൽ ആയിരിക്കുന്നത്. ഇതോടെ ജോലിക്കും ജോലി കഴിഞ്ഞ് തിരിച്ചെത്താനും ട്രെയിനുകളെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി.
എറണാകുളം -കായംകുളം എക്സ്പ്രസ് 46 മിനിറ്റ് കുമ്പളത്ത് പിടിച്ചിടുന്നു, പാലരുവ് എക്സ്പ്രസിനും സമാനമായ അവസ്ഥ തന്നെ. മലബാറിൽ നിന്നുള്ള കണ്ണൂർ -ആലപ്പുഴ എക്സ്പ്രസ്സിനുൾപ്പെടെ സമയക്രമം തെറ്റിയിരിക്കുന്നു. ആലപ്പുഴ - എറണാകുളം പാസഞ്ചറിനും ഇതുതന്നെയാണ് അവസ്ഥ. പാലക്കാടും സമാന ബുദ്ധിമുട്ടാണ് നേരിടുന്നത്.
റെയിൽവേ ടൈം ടേബിൾ പുതുക്കുന്നതോടെ വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന പ്രതീക്ഷയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കുവെക്കുന്നത്. എന്നാൽ പുതിയ സമയക്രമം എപ്പോൾ വരുമെന്ന കാര്യം പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇനിയും എത്രനാൾ കാത്തിരിക്കണം എന്ന ചോദ്യമാണ് ട്രെയിൻ യാത്രക്കാർ ഉന്നയിക്കുന്നത്.