മധ്യകേരളത്തില്‍ എന്‍.ഡി.എ സഖ്യം നേരിട്ടത് വന്‍ തിരിച്ചടി; വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു
|2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഷെയറില്‍ ഉണ്ടാക്കിയ വര്‍ധനവ് കുത്തനെ താഴേക്ക് പോയി
മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ മണ്ഡലങ്ങളിലടക്കം ഇത്തവണ എന്‍ഡിഎ സഖ്യം നേരിട്ടത് വന്‍ തിരിച്ചടിയാണ്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഷെയറില്‍ ഉണ്ടാക്കിയ വര്‍ധനവ് കുത്തനെ താഴേക്ക് പോയി. തൃശൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള അമ്പത് മണ്ഡലങ്ങളിലായി 2,84,611 വോട്ടുകളാണ് എന്‍ഡിഎക്ക് കുറഞ്ഞത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എല്ലാ സീറ്റുകളും വോട്ട് ഷെയര്‍ കുറഞ്ഞ കോട്ടയത്താണ്. കോട്ടയം ജില്ലയില്‍ മാത്രം 93268 വോട്ടുകളുടെ ഇടിവ് രേഖപ്പെടുത്തി. ജോസ് കെ മാണി പരാജയപ്പെട്ട പാലായില്‍ മാത്രം 13952 വോട്ടുകളുടെ കുറവാണ് ബിജെപി സഖ്യത്തിനുണ്ടായത്. വൈക്കം, ഏറ്റുമാനൂര്‍ ,കോട്ടയം സീറ്റുകളിലും വന്‍ തിരിച്ചടി നേരിട്ടു. പിസി ജോര്‍ജിന്‍റെ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറില്‍ 2965 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത്. എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും എന്‍ഡിഎ സഖ്യം പിന്നോട്ടടിച്ചു. വൈപ്പിനില്‍ 3489 വോട്ടുകളാണ് 2016 നിയമ സഭ തെരഞ്ഞെടുപ്പിലേക്കാള്‍ വര്‍ധിച്ചത്. ജില്ലയിലെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിലും ബിജെപിക്ക് കഴിഞ്ഞ തവണ പിടിച്ച വോട്ട് പിടിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ 6087 വോട്ടുകളാണ് 2016 നെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയത്. ഇത് കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയതോടെ എം സ്വരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. എറണാകുളം ജില്ലയില്‍ 2016 നെ അപേക്ഷിച്ച് 75000 ത്തോളം വോട്ടുകളുടെ കുറവാണ് ആകെ രേഖപ്പെടുത്തിയത്.
ഇടുക്കി ജില്ലയിലെ മുഴുവന്‍ സീറ്റിലും എന്‍ഡിഎ സഖ്യം താഴേക്ക് പോയി. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച് നേട്ടമുണ്ടാക്കിയ ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ വോട്ട് ഷെയറില്‍ കുത്തനെ ഇടിവുണ്ടായി. രണ്ടിടത്തും കഴിഞ്ഞ തവണ പിടിച്ചതിന്‍റെ പകുതി വോട്ടുകള്‍ പോലും നേടാനായില്ല.
തൃശൂരിലെ 8 മണ്ഡലങ്ങളില്‍ താഴേക്ക് പോയപ്പോള്‍ തൃശൂര്‍ അടക്കം 5 മണ്ഡലങ്ങളില്‍ ലീഡ് ഉയര്‍ത്തി. ചേലക്കര, ഒല്ലൂര്‍, നാട്ടിക, തൃശൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്. മറ്റ് എല്ലാ മണ്ഡലങ്ങളിലും വോട്ട് ഷെയര്‍ ഇടഞ്ഞു. തൃശൂരില്‍ 2016 ലെ 24748 ല്‍ നിന്ന് 40487 വോട്ടുകളായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടം. അതുകൊണ്ട് തന്നെ ജില്ലയിലെ ആകെ വോട്ടിങ് ഷെയറിലുണ്ടായ ഇടിവിന്റെ ആഘാതം കുറക്കാന്‍ എന്‍ഡിഎ സഖ്യത്തിനായി. തൃശൂര്‍ ജില്ലയില്‍ 37624 വോട്ടുകളുടെ കുറവാണ് ആകെ എന്‍ഡിഎ സഖ്യത്തിനുണ്ടായത്.ആലപ്പുഴ ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളില്‍ 4 മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വിഹിതം താഴേക്ക് പോയത്. ചേര്‍ത്തല, കുട്ടനാട്, കായംകുളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലാണ് ഇടിവുണ്ടായത്. ആലപ്പുഴ ജില്ലയിലാകെ 29695 വോട്ടുകളാണ് എന്‍ഡിഎ സഖ്യത്തിന് കുറവ് രേഖപ്പെടുത്തിയത്.
മധ്യകേരളത്തില്‍ 2016 ല്‍ ബിഡിജെഎസ് എന്ന പാര്‍ട്ടിയിലൂടെ എസ്എന്‍ഡിപി വോട്ടുകള്‍ എന്‍ഡിഎയിലെത്തിയെങ്കില്‍ അത് ഇത്തവണ ഉണ്ടായില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിഡിജെഎസ് ശക്തി കേന്ദ്രങ്ങളിലെല്ലാം എന്‍ഡിഎ സഖ്യം താഴേക്ക് പോയി. പല മണ്ഡലങ്ങളിലും ബിഡിജെഎസിന് വേണ്ടി പതിനായിരത്തിന് മുകളില്‍ വോട്ട് പിടിച്ച സ്ഥാനാര്‍ഥികളടക്കം പാര്‍ട്ടിവിട്ട് പുറത്ത് പോയിരുന്നു. ഇത്തവണ ബിഡിജെഎസിന്റെ പേരില്‍ നിന്ന സ്ഥാനാര്‍ഥികള്‍ പൊതുവെ ദുര്‍ബലരായിരുന്നു. ബിജെപിക്കും പലയിടത്തും മികച്ച സ്ഥാനാര്‍ഥികളെ പോലും നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.
മധ്യകേരളത്തിലെ ഓരോ ജില്ലകളിലും എന്‍ഡിഎ സഖ്യത്തിന് കുറഞ്ഞ വോട്ടുകള്‍
ആലപ്പുഴ - 29695
എറണാകുളം - 74152
ഇടുക്കി - 49872
തൃശൂര്‍ - 37624
കോട്ടയം - 93268