ഇർഫാൻ ഹബീബടക്കം വധ ഗൂഢാലോചന നടത്തിയെന്ന് ആരും വിശ്വസിക്കില്ല, കണ്ണൂരിൽ ഗവർണർക്കെതിരെ ഉണ്ടായത് പൊടുന്നെനെയുണ്ടായ പ്രതിഷേധം: എം.വി ഗോവിന്ദൻ
|ഗവർണർ പദവിയോട് ആദരവ് കാണിക്കുന്നതാണ് സർക്കാർ നിലപാടെന്നും എന്നാൽ ഗവർണറുടെ പദവിക്ക് യോജിക്കാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ
കണ്ണൂർ സർവകലാശാലയിലെ ഹിസ്റ്ററി കോൺഗ്രസിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് പൊടുന്നെനെയുണ്ടായ പ്രതിഷേധമായിരുന്നുവെന്നും മുൻകൂട്ടി ആലോചിച്ച് ഉണ്ടായതല്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്നും ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ചരിത്രകാരൻ ഇർഫാൻ ഹബീബ് ഉൾപ്പെടെയുളളവർ വധ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ആരും വിശ്വസിക്കില്ലെന്നും പൗരത്വ ഭേദഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ പദവിയോട് ആദരവ് കാണിക്കുന്നതാണ് സർക്കാർ നിലപാടെന്നും എന്നാൽ ഗവർണറുടെ പദവിക്ക് യോജിക്കാത്ത കാര്യങ്ങളാണ് അദേഹം ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു. സർക്കാരിനെതിരായി വ്യാപക പ്രചാരവേലകളാണ് തെറ്റായ രീതിയിൽ നടത്തുന്നതെന്നും പറഞ്ഞു.
ബില്ലുകളിൽ ഒപ്പിടുന്നതിനെ കുറിച്ച് ആശങ്കയില്ലെന്നും നിയമപരമായി ഗവർണർക്ക് പ്രവർത്തിക്കേണ്ടിവരുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർക്ക് പിന്നിലുള്ളത് ആർ എസ് എസ് ആയിരിക്കുമെന്നും വി മുരളീധരന്റെ പിന്തുണ ലഭിച്ചതിലൂടെ കാര്യങ്ങൾ വ്യക്തമായില്ലേയെന്നും അദ്ദേഹം ചോദിച്ചു. യൂണിവേഴ്സിറ്റികളിലെ നിയമനങ്ങളിൽ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടങ്കിൽ പരിശോധിക്കാമെന്നും പറഞ്ഞു.
In Kannur, the protest against the governor took immediate action: MV Govindan