കോട്ടയത്ത് ഇനിയും എൻ.ഡി.എ സ്ഥാനാര്‍ഥിയായില്ല; മുന്നണിയില്‍ അസ്വസ്ഥത പുകയുന്നു
|കോട്ടയത്ത് തുഷാർ മത്സരിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്
കോട്ടയം: ഇടത്, വലത് മുന്നണികള്‍ പ്രചാരണരംഗത്ത് മുന്നേറുമ്പോഴും കോട്ടയം സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ മുന്നണിയിൽ അസ്വസ്ഥത പുകയുന്നു. ബി.ഡി.ജെ.എസിനു വിട്ടുനൽകിയ സീറ്റിൽ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ ബി.ജെ.പി നേതാക്കൾ അതൃപ്തി അറിയിച്ചു.
അതിനിടെ, കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുന്‍പു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.
എന്നാൽ, ബി.ഡി.ജെ.എസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതാണ് മുന്നണിക്കുള്ളിൽ കല്ലുകടിക്ക് കാരണമായത്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് അണികളെ നിരാശരാക്കുമെന്ന നിലപാടിലാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം. ആശങ്കയും അതൃപ്തിയും നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. എന്നാൽ, റബറിന് 250 രൂപ വില നിശ്ചയിക്കാതെ സ്ഥാനാർഥിയാകാനില്ലെന്ന് നിലപാടിലാണ് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തുഷാറിന്റെ ഈ പ്രതികരണം അനുചിതമെന്നും വിമർശനമുണ്ട്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്ഥാനാർഥി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരാത്തത് കടുത്ത പ്രതിസന്ധിയാണ് മുന്നണിയിൽ സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയം, ഇടുക്കി സീറ്റുകൾ ഒഴിച്ചിട്ടു. ഇന്നുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന സമ്മർദം ബി.ഡി.ജെ.എസിൽ ശക്തമായിട്ടുണ്ട്.
Summary: BDJS is yet to announce its candidate in Kottayam, and the NDA is fuming