'ആഗസ്റ്റ് രണ്ടിന് നിലമ്പൂരിൽ നിന്ന് കാറിൽ കയറിയതാ... വാവാ സുരേഷ് നോക്കിയിട്ടും കിട്ടിയില്ല'; ആർപ്പൂക്കരയിൽ രാജവെമ്പാലയെ പിടികൂടി
|ഒരു മാസം മുമ്പ് ജോലിക്ക് പോയപ്പോൾ നിലമ്പൂർ വഴിക്കടവിൽ വെച്ചാണ് പാമ്പ് കാറിൽ കയറിയതെന്നാണ് സുജിത്ത് പറയുന്നത്
കോട്ടയം: ഒരു മാസത്തോളം കാറിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ വനം വകുപ്പ് ജീവനക്കാർ പിടികൂടി. കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തിന്റെ കാറിൽ കയറിയ പാമ്പിനെയാണ് പിടിച്ചത്. ഒരു മാസം മുമ്പ് ജോലിക്ക് പോയപ്പോൾ നിലമ്പൂർ വഴിക്കടവിൽ വെച്ചാണ് പാമ്പ് കാറിൽ കയറിയതെന്നാണ് സുജിത്ത് പറയുന്നത്.
കയറിയ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ പിടികൂടാനായിരുന്നില്ല. പാമ്പ് പോയെന്ന് ധൈര്യത്തിൽ വീട്ടിലേക്ക് തിരികെ പോരുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയും പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല. വലിയ ആശങ്കയിലായിരുന്നു കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിൽ സുജിത്ത് കാറോടിച്ചിരുന്നത്. ഒടുവിൽ പാമ്പ് സ്വയം പുറത്തിറങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടിക്കുകയായിരുന്നു.
അയൽവാസിയുടെ വീടിന് സമീപത്തു നിന്നാണ് പത്ത് അടിയോളം നീളമുള്ള വമ്പൻ രാജവെമ്പാല പിടിയിലായത്. പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ട് പോയി. പാമ്പിനെ പിടിക്കാൻ സുജിത്ത് വിളിച്ചത് പ്രകാരം വാവ സുരേഷ് എത്തിയെങ്കിലും കാറിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താനായിരുന്നില്ല.
In Kottayam, the forest department officials caught the king Cobra, which had been hiding inside a car for a month.