ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ച മലയാളി സൈനികനെ തിരിച്ചറിഞ്ഞു
|കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു
ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു വാഹനം മറിഞ്ഞ് മരിച്ച സൈനികരിലെ മലയാളിയെ തിരിച്ചറിഞ്ഞു. കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് സജൽ (41) ആണ് മരിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. ലഡാക്കിൽ ഷ്യാക് നദിയിലേക്കു വാഹനം മറിഞ്ഞ് ഏഴ് സൈനികരാണ് മരിച്ചത്. 19 പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ത്യ - ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.
റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചതായി വക്താവ് അറിയിച്ചു.