ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പിലെ 39 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി
|ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് മറ്റൊരു പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ജനദ്രോഹ പരിഷ്കാരങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍. ദ്വീപില്‍ ഫിഷറീസ് വകുപ്പിലെ 39 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് മറ്റൊരു പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്.
രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ അംഗീകാരവും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്‍റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
15 സ്കൂളുകൾ വിവിധ ദ്വീപുകളിലായി പൂട്ടി. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന് പറഞ്ഞാണ് നീക്കം. കപ്പലിലും പിടിമുറുക്കി അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പൽ വിഭാഗത്തിന്‍റെ അധികാരങ്ങള്‍ എടുത്തുമാറ്റാന്‍ നീക്കം. കപ്പലുകളുടെ ക്രൂമാരെ നിയമിക്കാനുള്ള കരാർ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറുന്നു. 6 മാസത്തിനുള്ളിൽ കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത് ഏഴ് യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസലുകളുമാണ്. ഇതിലെല്ലാമായി 800ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ക്രൂമാരില്‍ 70 ശതമാനം പേരും ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 30 ശതമാനം കേരളത്തിലെ ജീവനക്കാരും. ലക്ഷദ്വീപിലെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് കപ്പല്‍ ജീവനക്കാരുടെ വരുമാനമാണ്.
എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റതോടെയാണ് ലക്ഷദ്വീപ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറുന്നത്. ഇതോടെ തദ്ദേശീയരായവരുടെ ജോലി നഷ്ടപ്പെടുമെന്നാണ് ദ്വീപ് നിവാസികളുടെ ആശങ്ക. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവരുടെ ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിന് നിയോഗിച്ച് സര്‍വീസ് നടത്തിയാല്‍ നിലവിലെ ജീവനക്കാര്‍ പുറത്താകും.