കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ
|സുജേഷ്, രഞ്ജിത്ത്, എഡ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. സുജേഷ്, രഞ്ജിത്ത്, എഡ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി.
കേസിലെ പ്രതികളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷത്തിലേറെ രൂപയും കണ്ടെത്തി. ഇതോടെ കവർച്ച സംഘത്തിൽ നിന്നും പിടികൂടിയ തുക 34 ലക്ഷത്തിലേറെയായി. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.
മുൻപ് അറസ്റ്റിലായ നാല് പ്രതികളെയും കൊണ്ട് പൊലീസ് കൊടകര ദേശീയപാതയിൽ മേൽപ്പാലത്തിനു സമീപം തെളിവെടുപ്പു നടത്തി. പ്രതികളുടെ മൊഴിയിൽ പറഞ്ഞ പണം ഒളിപ്പിച്ചു വെച്ച സ്ഥലങ്ങളിലും പരിശോധന നടത്തി. ഇതിന്റെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വ്യാജ കാർ അപകടമുണ്ടാക്കി കുഴൽപ്പണം കവർന്നത്. യുവമോർച്ച - ആർ.എസ്.എസ് നേതാക്കൾ ഈ പണമിടപാടുമായി ബന്ധമുണ്ടെന്ന് ഉന്നത പോലീസ് അധികൃതർ പറഞ്ഞിരുന്നു. കൂടുതൽ തുക കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം ബി.ജെ.പിയിലെ ഉന്നതരിലേക്ക് നീങ്ങിയേക്കും.