Kerala
പോപുലർ ഫ്രണ്ട് ഹർത്താലിൽ 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ
Kerala

പോപുലർ ഫ്രണ്ട് ഹർത്താലിൽ 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ

Web Desk
|
8 Nov 2022 6:23 AM GMT

പി.എഫ്.ഐ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുള്ള സംഘർഷത്തിൽ സർക്കാറിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചു. 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായ നഷ്ടം കൂടാതെയുള്ള കണക്കാണിത്. മുഴുവൻ നഷ്ടങ്ങളും കണക്കാക്കി സത്യവാങ്മൂലം നൽകാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. ഹരജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഹർത്താലിൽ നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.2 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. നഷ്ടപരിഹാരം അടയ്ക്കാത്ത പക്ഷം ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചു. ഹർത്താലിൽ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്.

അഞ്ച് കോടി രൂപ കെട്ടിവെക്കണമെന്ന ഉത്തരവിൽ ഇളവ് വേണമെന്ന് എൻ.ഐ.എ കസ്റ്റഡിയിലുള്ള പി.എഫ്.ഐ നേതാവ് അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. പി.എഫ്.ഐ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

Similar Posts