Kerala
കോവിഡ്; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍, സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും
Kerala

കോവിഡ്; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍, സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും

Web Desk
|
25 Jan 2022 1:28 AM GMT

40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി

കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി .

സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിനിമാ തിയറ്ററുകളും നീന്തല്‍ കുളങ്ങളും ജിംനേഷ്യവും പൂര്‍ണമായും അടച്ചിടും. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണം. സെക്രട്ടറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

എറണാകുളം ബി കാറ്റഗറിയില്‍

സംസ്ഥാനത്തു ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത എറണാകുളം ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇതനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സാംസ്കാരിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾക്ക് മാത്രമാണ് അനുമതി. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്താനാണ് ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശം.മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ സി ഡി എസുകളിലേക്ക് ഇന്ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ വാക്സിനേഷൻ ജനുവരി 31 നകം നൂറ് ശതമാനത്തിലെത്തിക്കാൻ തീവ്രയത്ന പരിപാടി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.



Similar Posts