Kerala
പ്രസവ ചികിത്സക്കിടെ യുവതി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ
Kerala

പ്രസവ ചികിത്സക്കിടെ യുവതി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ijas
|
2 Feb 2022 5:14 AM GMT

യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലായിരുന്ന കാര്‍ത്തിക ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലമാണ് മരിച്ചതെന്ന് ബന്ധുക്കള്‍

പത്തനംതിട്ട കോന്നിയില്‍ പ്രസവ ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി മരിച്ചെന്നും കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച ഉച്ചക്കാണ് കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എലിയറക്കല്‍ സ്വദേശി കാര്‍ത്തിക വിജേഷിനെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റിയ യുവതി രാത്രി പതിനൊന്ന് മണിയോടെ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ മിനിറ്റുകള്‍ക്കകം യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാര്‍ത്തിക മരിച്ചു.

യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലായിരുന്ന കാര്‍ത്തിക ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലും ഗുരുതരമായ പരിക്കുകളുണ്ടെന്നും ഇവര്‍ പറയുന്നു.

ചികിത്സക്കിടെ യുവതിക്ക് അമിതമായ രക്തസ്രാവം ഉണ്ടായെന്നും ഇതിനാലാണ് ആശുപത്രി മാറ്റത്തിന് നിര്‍ദേശിച്ചതെന്നുമാണ് കോന്നിയിലെ സ്വകാര്യ ആശുപത്രി നല്‍കുന്ന വിശദീകരണം. തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൈപ്പറ്റിയ മൃതദേഹം ഇന്ന് സംസ്കരിക്കും.

Similar Posts