മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
|വാഹനം പാർക്ക് ചെയ്തിരുന്ന കവടിയാറിലും ആക്രമണം നടത്തിയ ശേഷം ഒളിച്ചിരുന്ന മ്യൂസിയം പരിസരത്തും എത്തിച്ച് തെളിവെടുക്കാനാണ് നീക്കം
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷ് കുമാറിനെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. വാഹനം പാർക്ക് ചെയ്തിരുന്ന കവടിയാറിലും ആക്രമണം നടത്തിയ ശേഷം ഒളിച്ചിരുന്ന മ്യൂസിയം പരിസരത്തും എത്തിച്ച് തെളിവെടുക്കാനാണ് നീക്കം.
ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ കുറവൻകോണത്ത് യുവതിയെ ആക്രമിച്ച കേസിലും പ്രതി സന്തോഷാണെന്ന റിപ്പോർട്ട് പേരൂർക്കട പൊലീസ് കോടതിക്ക് നൽകി. കോടതിയുടെ അനുമതിയോടെ ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മ്യൂസിയം പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ പേരൂർക്കട പൊലീസ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങും.
കുറവംകോണം കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറായ സന്തോഷിനെ പിന്നാലെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ഇയാൾ കാർ മ്യൂസിയം വളപ്പിൽ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തിൽ നിർണായകമായത്. കുറവൻകോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടർന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോർപറേഷൻ ഓഫീസിനു മുന്നിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. തുടർന്ന് ഓടി പുറത്തുകടന്ന ശേഷം വീണ്ടും കാറെടുത്ത് ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കു പോവുകയായിരുന്നു.