വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്ക് നേരെ പട്ടിയെ അഴിച്ചു വിട്ട സംഭവം; പ്രതി അറസ്റ്റിൽ
|ഭാര്യ നൽകിയ പരാതി അന്വേഷിക്കുവാൻ വന്നവരാണ് എന്നറിഞ്ഞതോടെ ജോസ് പട്ടിയെ അഴിച്ചു വിടുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് നോക്കി നിൽക്കുകയുമായിരുന്നു
വയനാട്: വയനാട്ടിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്ക് നേരെ പട്ടിയെ അഴിച്ചു വിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. മേപ്പാടി സ്വദേശി ജോസ് ആണ് അറസ്റ്റിലായത്.
ജോസിനെതിരെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയ വയനാട് ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസറായ മായാ എസ് പണിക്കർ, പ്രൊട്ടക്ഷൻ ഓഫീസിലെ കൗൺസിലർ നാജിയ ഷിറിൻ എന്നിവരാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഭാര്യ നൽകിയ പരാതി അന്വേഷിക്കുവാൻ വന്നവരാണ് എന്നറിഞ്ഞതോടെ ജോസ് പട്ടിയെ അഴിച്ചു വിടുകയും ഉദ്യോഗസ്ഥരെ പട്ടി ആക്രമിക്കുന്നത് നോക്കി നിൽക്കുകയുമായിരുന്നു.
ജോസിനെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഗുരുതരമായി പരിക്ക് ഏൽപ്പിച്ചതിനും മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ ഉദ്യോഗസ്ഥരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.മായ എസ്. പണിക്കരുടെ കാലിനും കൈക്കും കടിയേറ്റു. കൂടെയുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിനേയും നായ ആക്രമിച്ചു. രക്ഷപ്പെടാൻ ഓടുന്നതിനിടെ കാലിനും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥരെ ഔദ്യോഗിക വാഹനത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.