ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം: കേസ് പിൻവലിക്കാതെ വനംവകുപ്പ്
|കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടെന്ന് പരാതി
ഇടുക്കി: കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാതെ വനം വകുപ്പ്. കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്നാണ് കുടംബത്തിന്റെ ആരോപണം. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബർ 20-നാണ് ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിവലായ സരുൺ സജി പത്ത് ദിവസത്തെ ജയിൽവാസവും അനുഭവിച്ചു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. ആരോപണവിധേയരായ ഒൻപത് ഉദ്യോഗസ്ഥരെ സസ്‌പെന്റും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കേസ് പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടത്തിപ്പിൽ കാലതാമസം നേരിട്ടതോടെ സരുണിന്റെ കുടുംബം പ്രതിസന്ധിയിലായി.
പരിശോധനയിൽ പശു ഇറച്ചിയാണെന്ന് വ്യക്തമായിട്ടും വനം വകുപ്പ് കേസ് പിൻവലിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സരുണിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകിയിട്ടുണ്ട്. കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടെന്നും കൂലിപ്പണിക്ക് പോകാനാകാത്തവിധം മാനസിക സംഘർഷത്തിലാണെന്നും പരാതിയിൽ പറയുന്നു. വനം വകുപ്പ് കേസ് പിൻവലിക്കാത്ത സാഹചര്യത്തിൽ രണ്ട് ദിവസങ്ങളിലായി ജില്ലയിലുള്ള മന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് സരുണും കുടുംബവും.