രാജ്യത്തെ കോവിഡ് കേസുകളിൽ വർധന; പുതുതായി രോഗം സ്ഥിരീകരിച്ചത് 3377 പേർക്ക്
|കോവിഡ് നാലാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങൾ
ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധന. 3377 പുതിയ കേസുകളും 60 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 821 കേസുകളുടെ വർധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 17,000 കടന്നു.
കോവിഡ് നാലാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങൾ. കേരളമടക്കം പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി.
രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ടാഴ്ചയായി കോവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിൻ മാത്രമാണ് മാർഗമെന്നും വാക്‌സിനേഷൻ ഊർജിതമാക്കണമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി.
ഒമിക്രോണും പുതിയ വകഭേദവുമാണ് ഇപ്പോഴുള്ള കേസുകൾക്ക് കാരണം. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർ.ടി.പി.സി.ആർ പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയാൽ ജനിതക പരിശോധനക്കയക്കണം. ആശുപത്രി കിടക്കകളും, വെന്റിലേറ്ററുകളും, ഓക്‌സിജനും ഉറപ്പാക്കണമന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.