വർഷങ്ങള്‍ക്ക് ശേഷം ഏലം വിലയിൽ വർധന; പ്രതീക്ഷയോടെ കര്‍ഷകര്‍
|ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്
ഇടുക്കി: വില തകർച്ചയിൽ നട്ടം തിരിഞ്ഞ കർഷകർക്ക് പ്രതീക്ഷയേകി ഏലം വില രണ്ടായിരം കടന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 2617 രൂപയാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഈ വർഷം ഇതാദ്യമായാണ് ഏലക്കാ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏലം വിലയിൽ വർധനയുണ്ടാകുന്നത്. കാലവർഷം ദുർബലമായതോടെ ഉൽപാദനം കുറഞ്ഞതും പശ്ചിമേഷ്യൻ,ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയർന്നതുമാണ് വില ഉയരാൻ കാരണം. ആയിരത്തിൽ താഴെയുണ്ടായിരുന്ന ഏലക്കായുടെ വില രണ്ടായിരം കടന്നതോടെ പ്രതീക്ഷയിലാണ് കർഷകർ.
ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. നേരിയ വിലവർധനയുണ്ടായപ്പോൾ തന്നെ ഏലക്കാ വിറ്റഴിച്ചതിനാൽ ഇടത്തരം കർഷകർ നിരാശരാണ്. ഏലം കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന ഇടുക്കിയിൽ മഴ കുറഞ്ഞത് ഉല്‍പ്പാദനം കുറയാനും കാരണമായി. വിളവെടുപ്പ്കാലമായ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഉയർന്ന വില ലഭിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ച് നിൽക്കാനാകൂ.
ചെറുകിട കർഷകരിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന ഏലക്ക ഇടനിലക്കാർ വഴി തമിഴ്നാട് ബോഡിനായ്ക്കന്നൂരിലെത്തിച്ച് വൻ വിലക്കാണ് വിറ്റഴിക്കുന്നത്. ഗ്രേഡ് കുറഞ്ഞ ഏലം കേരളത്തിൽ പുറ്റടിയിലുള്ള ലേല കേന്ദ്രത്തിൽ പതിച്ച് വിലയിടിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.