കോട്ടയം മെഡിക്കൽ കോളേജിൽ സുരക്ഷ വർധിപ്പിക്കുന്നു: ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഇലക്ട്രോണിക് കാർഡ്
|അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും കാർഡ് വേണം
നവജാത കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷാ വർദ്ധിപ്പിക്കുന്നു. ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഇലക്ട്രോണിക് കാർഡ് നൽകും. അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും ഇത് ഉപയോഗിക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി.
കഴിഞ്ഞ ദിവസമാണ് ജനിച്ച് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്ന് തട്ടികൊണ്ടു പോയത്. നഴ്സിന്റെ വേഷത്തിലെത്തിയാണ് സ്ത്രീ കുഞ്ഞിനെയുമായി കടന്നത്. പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് കുഞ്ഞിനെ തിരിച്ചുകിട്ടി. സംഭവത്തിൽ നീതു എന്ന സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുഞ്ഞിനെയുമായി കടന്നുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരിയെ ശ്രദ്ധക്കുറവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തിരുന്നു.