പിഎം 2.5ന്റെ തോത് വർധിക്കുന്നു; കൊച്ചിയിൽ വായുവിന്റെ ഗുണനിലവാര സൂചിക മോശം സ്ഥിതിയിൽ
|രാസ ബാഷ്പ മാലിന്യത്തിന്റെ തോത് 50ൽ കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കൊച്ചിയിൽ വായുവിന്റെ ഗുണനിലവാര സൂചിക മോശം സ്ഥിതിയിൽ. രാസ ബാഷ്പ മാലിന്യമായ പിഎം 2.5ന്റെ തോത് വർധിക്കുന്നതാണ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 'പി.എം 2.5' തോത് കഴിഞ്ഞ ദിവസവും കൊച്ചിയിൽ മുന്നൂറിന് മുകളിലെത്തി.
ഫാക്ടറികളിൽ നിന്നോ മറ്റ് ഉറവിടങ്ങളിൽ നിന്നോ പുറന്തള്ളുന്ന രാസമാലിന്യങ്ങളും കരിയും പൊടിയും പോലുളള സൂക്ഷ്മ കണികകളും നീരാവിയുമായി കൂടിച്ചേർന്നാണ് 'പി.എം 2.5' രൂപപ്പെടുന്നത്. ഇതിന്റെ തോത് ഉയരുന്നത് ഗർഭിണികളിലും കുട്ടികളിലും പ്രായമായവരിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയുടെ അന്തരീക്ഷത്തിൽ 'പി.എം 2.5'ന്റെ അളവ് അപകടകരമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം മൂന്നൂറ്റി എട്ടിലേക്ക് കണക്കുകളെത്തി. രാസ ബാഷ്പ മാലിന്യത്തിന്റെ തോത് 50ൽ കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറയേണ്ടി വരും.