നിലവിലെ എം.എൽ.എക്ക് അർഹതയില്ല: ദേവികുളം തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
|എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം
ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എൽ.എ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം.
ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹരജിയിൽ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാനസ്നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാൽ തന്നെ അങ്ങനെയുള്ളൊരാൾ പട്ടിക ജാതി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളുമെല്ലാം ക്രൈസ്തവ ദേവാലയത്തിലാണ് പ്രാർത്ഥനക്കായി പോകുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ അമ്മയുടെ സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ക്രിസ്ത്യൻ ദേവാലയത്തിലാണ് നടത്തിയത്. ഇതെല്ലാം പരിഗണിച്ചാണ് നിലവിലെ എം.എൽ.എ സ്ഥാനത്തിന് എ. രാജക്ക് അർഹതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്.