ഓണക്കോടിക്കൊപ്പം 10,000 രൂപയും ; തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്‍റെ രാജിയാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം
|കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് അജിത തങ്കപ്പന്‍റെ മൊഴിയെടുക്കും
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പന്‍റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് അജിത തങ്കപ്പന്‍റെ മൊഴിയെടുക്കും. ചെയർപേഴ്സണ്‍ പണം നല്‍കിയെന്ന ആരോപണം സത്യമാണെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് നഗരസഭ അധ്യക്ഷ പതിനായിരം രൂപ സമ്മാനിച്ചുവെന്ന ആരോപണത്തെ ചൊല്ലിയുള്ള വിവാദം കത്തിക്കയറുകയാണ്. പണം വിതരണം ചെയ്ത ചെയര്‍പേഴ്സണ്‍ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് അനിശ്ചിതകാലസമരം തുടങ്ങി. നഗരസഭയിലെ സിസി ടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പൊലീസിൽ പരാതി നൽകി. പണം നൽകുന്ന ദൃശ്യം സിസി ടിവിയിൽ ഉള്ളതിനാൽ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. ഈ ആവശ്യവുമായി നഗരസഭ സൂപ്രണ്ട് ഓഫീസിൽ കുത്തിയിരുന്ന പ്രവർത്തകർ പിന്നീട് ചെയർപെഴ്സണിന്‍റെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം മാറ്റി.
ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പിയും പി.ഡി.പിയും നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംഭവത്തില്‍ ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍റെ മൊഴിയെടുക്കും. വിഷയം തദ്ദേശ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ആരോപണം തെളിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. വരും ദിവസങ്ങളിലും നഗരസഭക്ക് മുന്‍പില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.