Kerala
ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി
Kerala

ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി

Web Desk
|
10 July 2022 6:34 AM GMT

ലങ്കയിൽ നിന്ന് നിലവിൽ അഭയാർഥികളെത്താൻ സാധ്യതയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും തിരുവനന്തപുരത്ത് എത്തിയ ജയശങ്കർ പറഞ്ഞു

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും. ലങ്കയിൽ നിന്ന് നിലവിൽ അഭയാർഥികളെത്താൻ സാധ്യതയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും തിരുവനന്തപുരത്ത് എത്തിയ ജയശങ്കർ പറഞ്ഞു.

ശ്രീലങ്ക കടക്കെണിയിലാവുകയും ആഭ്യന്തര കലാപം രൂക്ഷമാകുകയും ചെയ്തതോടെ രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തി അഞ്ചു കോടിയുടെ സഹായമാണ് ഇന്ത്യ നൽകിയത്. ഡീസലും മരുന്നും ആഹാര സാധനങ്ങളും കയറ്റി അയച്ചു. ജനക്കൂട്ടം പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിട്ടും സംഘർഷം തുടരുന്നത് വിദേശ കാര്യമന്ത്രാലയം നിരീക്ഷിക്കുകയാണ്. ശ്രീലങ്കയ്‌ക്കുള്ള സഹായം ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. അഭയാർഥി പ്രവാഹത്തിന്‍റെ ഭീഷണിയില്ല.

രണ്ട് കോടി ഇരുപത് ലക്ഷം ജനങ്ങൾക്ക് സഹായം എത്തിക്കുക എന്നതാണ് ഇന്ത്യയുടെ നിലപാട്. ആഭ്യന്തര കലഹത്തിനിടയിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിൽ പോലും സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകും. വിദേശ കാര്യ സെക്രട്ടറി വിനയ് കത്വയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ശ്രീലങ്കയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അതേസമയം ശ്രീലങ്കയിലെ സമാന സാഹചര്യമാണ് ഇന്ത്യയിലും ഉള്ളതെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.

അതേസമയം ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജി വെക്കാൻ സന്നദ്ധത അറിയിച്ചിട്ടും പിരിഞ്ഞുപോകാൻ പ്രക്ഷോഭകർ തയ്യാറായില്ല. സർവകക്ഷി യോഗ തീരുമാനപ്രകാരം സ്‌പീക്കർ മഹിന്ദ അഭയെവർധന ആക്ടിങ് പ്രസിഡന്‍റാകും. പാർലമെന്‍റില്‍ പ്രാതിനിധ്യമുള്ള 15 രാഷ്ട്രീയ പാർട്ടികളിലെയും പ്രതിനിധികളെയും ഉൾപ്പെടുത്തി കാവൽ മന്ത്രിസഭ നിലവിൽ വരും. ഒരു മാസത്തിനകം പുതിയ പ്രസിഡന്‍റിനെ പാർലമെന്‍റ് തെരഞ്ഞെടുക്കും. ഭരണനിർവഹണം സുഗമമാവുമ്പോൾ പൊതുതെരഞ്ഞെടുപ്പ് നടത്തമെന്നുമാണ് സർവകക്ഷി യോഗ തീരുമാനം ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സേനാമേധാവി ഷാവേന്ദ്ര സിൽവ ആവശ്യപ്പെട്ടു.

Similar Posts