Kerala
47ൽ പതാക ഉയർത്തിയ കൃഷ്ണപിള്ള, വോട്ടിനിട്ട് തള്ളിയ കെ മാധവന്റെ പ്രമേയം... സിപിഎമ്മും ദേശീയപതാകയും
Kerala

47ൽ പതാക ഉയർത്തിയ കൃഷ്ണപിള്ള, വോട്ടിനിട്ട് തള്ളിയ കെ മാധവന്റെ പ്രമേയം... സിപിഎമ്മും ദേശീയപതാകയും

Web Desk
|
15 Aug 2021 6:59 AM GMT

ദിസ് ഫ്രീഡം ഈ ഫാൾസ് (ഈ സ്വാതന്ത്ര്യം മിഥ്യയാണ്) എന്നായിരുന്നു നാല്‍‌പ്പത്തിയെട്ടില്‍ കമ്യൂണിസ്റ്റ് പാർട്ടി മുഴക്കിയ മുദ്രാവാക്യം.

പാർട്ടി ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി ആഘോഷിക്കാൻ സിപിഎം എടുത്ത തീരുമാനമാണ് കേരളത്തിൽ ഈ സ്വാതന്ത്ര്യദിനത്തെ വേറിട്ടുനിർത്തിയത്. തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് ദേശീയ പതാക ഉയർത്തിയത്. ഡൽഹിയിലെ ഓഫീസിൽ ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാവും കിസാൻ സഭാ അഖിലേന്ത്യാ അധ്യക്ഷനുമായ ഹനൻ മൊല്ലയാണ് പതാക ഉയർത്തിയത്.

സ്വാതന്ത്ര്യദിനത്തിൽ ആദ്യമായാണോ കമ്യൂണിസ്റ്റ് പാർട്ടി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുന്നത്? അല്ലെന്നാണ് ചരിത്രം. 1947 ഓഗസ്റ്റ് 15ലെ ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി പി കൃഷ്ണപിള്ള ദേശീയ പതാക ഉയർത്തി എന്ന് ചന്തവിള മുരളി എഴുതിയ സഖാവ് കൃഷ്ണപിള്ള, ഒരു സമഗ്രജീവിതപഠനം എന്ന പുസ്തകത്തിൽ പറയുന്നു.

പുസ്തകത്തിലെ ഭാരതം സ്വാതന്ത്ര്യം നേടുന്നു എന്ന അധ്യായം ഇങ്ങനെ;

"ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയേഴ് ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ആഗസ്റ്റ് 13ന്റെ ദേശാഭിമാനിയിൽ കമ്യൂണിസ്റ്റ് പാർട്ടി കേരള സംസ്ഥാന സെക്രട്ടറിയായ പി കൃഷ്ണപിള്ള ഇങ്ങനെ ഒരു പ്രസ്താവന പുറപ്പെടുവിച്ചു:


പി കൃഷ്ണപിള്ള

പി കൃഷ്ണപിള്ള

ആഗസ്റ്റ് 14-ാം നു രാത്രി 12 മണിക്കുശേഷം കോഴിക്കോട്ട് കമ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽവെച്ച് രാഷ്ട്രപതാക വന്ദനം നടത്തുന്നതാണ്. അതിന്നു കോഴിക്കോട്ടെ എല്ലാ പാർട്ടി മെമ്പർമാരും അനുഭാവികളും എത്തിച്ചേരണം. പതാകവന്ദനം കഴിഞ്ഞാൽ പലവിധ സംസ്‌കാരിക പരിപാടികളും നടത്തുന്നതായിരിക്കും. ആഗസ്റ്റ് 15-നു കാലത്തു മുതൽ കോൺഗ്രസിന്റെ പൊതുപരിപാടിയനുസരിച്ചുള്ള എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നതായിരിക്കും.

14-ാം തീയതി രാത്രി മണി പന്ത്രണ്ട് അടിക്കുകയും ഡൽഹിയിലെ ചെങ്കോട്ടയിൽ അശോകചക്രാങ്കിതമായ നമ്മുടെ രാഷ്ട്രപതാക ഉയരുകയും ചെയ്തപ്പോൾ, കോഴിക്കോട് കല്ലായി റോഡിലുള്ള ദീപാംലംകൃതമായ കമ്യൂണിസ്റ്റ് പാർട്ടി ആപ്പീസ് മുറ്റത്ത് നാട്ടിയ നീണ്ട കൊടിമരത്തുമ്പിലും സ്വാതന്ത്ര്യപതാക പാറി. എല്ലാവരും ആഹ്ലാദിച്ചു. എന്നാൽ ഏറ്റവുമധികം ആഹ്ലാദഭരിതനായി കാണപ്പെട്ടത് കൃഷ്ണപിള്ളയായിരുന്നു. വൈകുന്നേരം തൊഴിലാളികൾ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മുമ്പിൽ കൊടിയും പിടിച്ച് കൃഷ്ണപിള്ളയും നീങ്ങി."

തിരുത്തിയും പിന്തുണച്ചും

ബ്രിട്ടീഷുകാരിൽ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യത്തെ 1947ൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിട്ടുണ്ട്. 47 ആഗസ്റ്റ് 15ന് നെഹ്‌റു ഗവൺമെന്റിനെ ശക്തിപ്പെടുത്തണമെന്ന മുഖലേഖനത്തോടെയാണ് പാർട്ടി മുഖപത്രമായ പീപ്പ്ൾസ് ഡെമോക്രസി പുറത്തിറങ്ങിയത്. പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറി പിസി ജോഷിയുടേതായിരുന്നു ലേഖനം. ആഗസ്റ്റ് 15ലെ ദേശാഭിമാനി മുഖപ്രസംഗവും ശ്രദ്ധേയമായിരുന്നു. ദേശീയ പതാകയുടെ ചിത്രത്തോടൊപ്പം പ്രതിജ്ഞ എന്ന ശീർഷകത്തിൽ ഒന്നാം പേജിലായിരുന്നു മുഖപ്രസംഗം.

'ആഗസ്ത് 15ന് പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പതാക വന്ദനങ്ങളിലുമായി ഭംഗിയേറിയ ഈ രാജ്യത്തെല്ലായിടത്തും നമ്മുടെ തലക്ക് മീതെ അഭിമാനപൂർവം പാറിപ്പറക്കുന്ന, ദേശീയപതാകയുടെ വിവിധ വർണങ്ങളിലൂടെ, രാഷ്ട്രത്തിനാകെ ആഹ്ലാദം നൽകുന്ന ഈ ദിനം കൈവരുന്നതിനുവേണ്ടി തങ്ങളുടെ ജീവൻ ബലി അർപ്പിച്ച രക്തസാക്ഷികളെ നാം അനുസ്മരിക്കും...'' എന്നാണ് മുഖപ്രസംഗത്തിന്റെ തുടക്കം.

1945-ൽ ബോംബെയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആസ്ഥാനത്തുവച്ചു നടന്ന സിപിഐയുടെ പോളിറ്റ് ബ്യൂറോ യോഗത്തിൽ ബി ടി രണദിവെ, ജി അധികാരി, പിസി ജോഷി എന്നിവർ

1945-ൽ ബോംബെയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആസ്ഥാനത്തുവച്ചു നടന്ന സിപിഐയുടെ പോളിറ്റ് ബ്യൂറോ യോഗത്തിൽ ബി ടി രണദിവെ, ജി അധികാരി, പിസി ജോഷി എന്നിവർ


എന്നാൽ 1948ൽ പുറത്തിറങ്ങിയ രണദിവെ തിസീസ് (കൽക്കത്ത തിസീസ്) പാർട്ടി നിലപാട് തിരുത്തി. സമ്പൂർണ സ്വാതന്ത്ര്യം കിട്ടിയില്ല എന്നായിരുന്നു വാദം. യഥാർത്ഥ സ്വാതന്ത്ര്യം ജനകീയ വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിസീസ് പറഞ്ഞുവച്ചു. ദിസ് ഫ്രീഡം ഈ ഫാൾസ് (ഈ സ്വാതന്ത്ര്യം മിഥ്യയാണ്) എന്നായിരുന്നു അന്ന് പാർട്ടി മുഴക്കിയ മുദ്രാവാക്യം. നിലപാടു മാറ്റം നേതൃതലത്തിൽ തന്നെ പ്രകടമായി. നെഹ്‌റു ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ച പിസി ജോഷിക്ക് പകരം ബിടി രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയായി.

1958ലെ അമൃത്സർ പാർട്ടി കോൺഗ്രസിൽ ആ നിലപാടും പാർട്ടി തിരുത്തി. 1947 ആഗസ്റ്റ് 15ന് നേടിയ സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കത്തെ അംഗീകരിച്ചു. സ്വാതന്ത്ര്യദിനം ആഘോഷിക്കാനും പാർട്ടി തീരുമാനമെടുത്തു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. ഇതിന് ശേഷം സിപിഐ സ്വാതന്ത്ര്യദിനം പതാക ഉയർത്തിത്തന്നെ ആഘോഷിച്ചു. എന്നാൽ സിപിഎം ഏകീകൃത സ്വഭാവത്തിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിച്ചില്ല.

അതിനിടെ, 1956ൽ ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടു നടന്ന നാലാം പാർട്ടി കോൺഗ്രസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേ മലബാറിൽ നിന്നുള്ള മുതിർന്ന നേതാവ് കെ മാധവൻ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ അത് വോട്ടിനിട്ട് തള്ളുകയായിരുന്നു. സ്വാതന്ത്ര്യദിനം അത്ര ആഘോഷിക്കാനില്ല എന്നായിരുന്നു പാർട്ടി നയം. ആ നയമാണ് ഇപ്പോൾ സിപിഎം തിരുത്തുന്നത്.

Similar Posts