ദേശീയ ഗെയിംസിൽ വോളീബോൾ ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
|ഹൈക്കോടതിയിലാണ് അസോസിയേഷൻ നിലപാട് അറിയിച്ചത്
കൊച്ചി: ദേശീയ ഗെയിംസിൽ വോളീബോൾ ഇനി ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഹൈക്കോടതിയിലാണ് അസോസിയേഷൻ നിലപാട് അറിയിച്ചത്. അധികാര തർക്കത്തിന്റെ പേരിൽ താരങ്ങളുടെ ഭാവിയാണ് നഷ്ടപ്പെടുന്നതെന്നും അവരോട് സഹതാപം മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു. താരങ്ങളും കോച്ചുമാരും നൽകിയ ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു.
വോളിബോൾ ഫെഡറേഷനിലെ അധികാര തർക്കത്തെ തുടർന്ന് നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് ടീമുകളെ തെരഞ്ഞെടുക്കാൻ സമയം ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് വോളിബോൾ ദേശീയ ഗെയിംസിൽ നിന്നും ഒഴിവാക്കിയത്. വോളീബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത് നവംബർ രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിലാണെങ്കിലും ടീമുകളെ കണ്ടെത്താൻ ഇനി കഴിയില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ഗെയിംസിൽ നിന്നും മാത്രമാണ് വോളീബോൾ ഒഴിവാക്കിയത്. ഫെഡറേഷൻ തെരഞ്ഞെടുപ്പിന് ശേഷം ട്രയൽസ് നടത്തി നാഷണൽ ചാംപ്യൻഷിപ്പിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുമെന്നും ഒളിംപിക് അസോസിയേഷൻ അറിയിച്ചു. അധികാര തർക്കത്തിന്റെ പേരിൽ താരങ്ങളുടെ ഭാവിയാണ് ഇല്ലാതാകുന്നതെന്ന് നിരീക്ഷിച്ച കോടതി ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്ന നിർദേശവും നൽകി. മത്സരം നഷ്ടപ്പെട്ട താരങ്ങളോട് സഹതാപം തോന്നുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഒളിംപിക് അസോസിയേഷന്റെ വാദങ്ങൾ രേഖപ്പെടുത്തിയ താരങ്ങളും കോച്ചുമാരും നൽകിയ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു. കേരളത്തിന് കഴിഞ്ഞ ദേശീയ ഗെയിംസിൽ വോളീബോളിൽ പുരഷ-വനിതാ ടീമുകൾക്ക് സ്വർണമെഡൽ കിട്ടിയെന്നും ടീം മത്സരത്തിന് തയ്യാറാണെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ കോടതിയെ അറിയിച്ചിരുന്നു. വോളീബോൾ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് ആനന്ദ്, അൽന രാജ്, റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്.