മുട്ടിൽ മരംകൊള്ള: പ്രതിയെ കണ്ടെന്ന് മുൻ വനംമന്ത്രിയുടെ സ്റ്റാഫ്
|വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതി, മുൻ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ രേഖകള്‍ പുറത്ത്
വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതി, മുൻ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ രേഖകള്‍ പുറത്ത്. മരം കടത്തിയ ദിവസമാണ് പ്രതി ആന്‍റോ അഗസ്റ്റിനുമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി ശ്രീകുമാര്‍ ഫോണില്‍ സംസാരിച്ചത്. ഫോണ്‍ സംഭാഷണം സ്ഥിരീകരിച്ച ശ്രീകുമാര്‍ ആന്‍റോ അഗസ്റ്റിനെ നേരില്‍ കണ്ടിരുന്നതായും മീഡിയാവണിനോട് പറഞ്ഞു.
വയനാട് മുട്ടിലില്‍ നിന്നും കോടികളുടെ മരം മുറിച്ച് കടത്തിയ അതേ ദിവസമാണ് അന്നത്തെ വനം വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി ശ്രീകുമാറിന്‍റെ ഫോണിലേക്ക് പ്രതി ആന്‍റോ അഗസ്റ്റിന്റെ ഫോണ്‍ വന്നത്. ഈ കോള്‍ കട്ട് ചെയ്ത ശ്രീകുമാര്‍, ആന്‍റോ അഗസ്റ്റിന്‍റെ ഫോണിലേക്ക് തിരികെ വിളിക്കുകയായിരുന്നുവെന്ന് പുറത്ത് വന്ന ഫോണ്‍രേഖകളില്‍ നിന്നും വ്യക്തം.
83 സെക്കന്‍റാണ് ഈ ഫോണ്‍ വിളി നീണ്ടത്. ഫെബ്രുവരിയില്‍ തന്നെ 17,25 തിയ്യതികളിലും ആന്‍റോ, ശ്രീകുമാറിനെ വിളിച്ചതായും അന്വേഷണ സംഘം ശേഖരിച്ച ഫോണ്‍ രേഖകളിലുണ്ട്. ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥനും ആന്‍റോയെ നിരന്തരം വിളിച്ചതായും രേഖകളില്‍ കാണാം. എന്നാല്‍ ആന്‍റോയെ വിളിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.
ഫോണില്‍ വിളിച്ച ആന്‍റോ സ്വന്തം തോട്ടത്തിലെ മരം കൊണ്ടു പോകാന്‍ വനം വകുപ്പ് പാസ് നല്‍കുന്നില്ലെന്ന് പരാതി പറഞ്ഞു. നേരിട്ട് സംസാരിക്കാനുള്ള അനുമതിയും ചോദിച്ചു. പിന്നീട് സെക്രട്ടറിയേറ്റ് ഓഫീസില്‍ വന്ന് കണ്ടിരുന്നു. ചാനല്‍ മുതലാളി എന്ന് പരിചയപ്പെടുത്തിയാണ് ബന്ധപ്പെട്ടത്. വയനാട് ഡി.എഫ്.ഒയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആന്‍റോക്ക് വേണ്ടി വഴിവിട്ട സഹായമൊന്നും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.