Kerala
Indu Menon

ഇന്ദു മേനോന്‍/കെ.എസ് ചിത്ര

Kerala

കുയിലല്ല, കള്ളിപ്പൂങ്കുയില്‍; ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി: ചിത്രക്കെതിരെ ഇന്ദു മേനോന്‍

Web Desk
|
15 Jan 2024 7:34 AM GMT

അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിവസം എല്ലാവരും നാമം ജപിക്കണമെന്ന പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്രയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശം ഉയരുകയാണ്. ഇപ്പോഴിതാ എഴുത്തുകാരി ഇന്ദു മേനോനും ചിത്രക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കുയിലല്ല, ചിത്ര കള്ളിപ്പൂങ്കുയിലാണെന്നും ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതിയെന്നും ഇന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ദുമേനോന്‍റെ കുറിപ്പ്

അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോൾ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം. അയ്യോ പാവം അവർക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ ? അവർ അവരുടെ അഭിപ്രായം പറഞ്ഞു നമ്മൾ എന്തിനാണ് അതിനെ രാഷ്ട്രീയവൽക്കരിച്ച് കാണുന്നത്? ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് ഇഷ്ടമുള്ള പക്ഷത്ത് നിൽക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട് മനുഷ്യഹത്യയും വംശീയോന്‍മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവൽക്കരിക്കുന്നത് നിഷ്കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്.

എത്ര നിഷ്കളങ്കനായ മനുഷ്യനാണ് നോക്കൂ ഹൃദയത്തിൽ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്കളങ്കതയുള്ള ഒരുവൾ പാട്ടുകാരി ചിത്ര, ക്ലാസിക് കലകൾക്കൊപ്പം നിൽക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീർത്തനങ്ങൾ പാടുകയും പദങ്ങൾ പഠിക്കുകയും ചെയ്യുമായിരിക്കും അതിനർത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നിൽക്കുക എന്നതല്ല. നിങ്ങൾ നിഷ്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യും.

മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല അഞ്ചല്ല 5ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാനും പോകുന്നില്ല. കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു. ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി.

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ പറയുന്നത്. 'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്‍റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' ചിത്ര പറയുന്നു.

Similar Posts