ശിശു മരണം; പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും
|ഈ വർഷം ഇതുവരെ 12 കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്
24 മണിക്കൂറിനിടെ മൂന്ന് കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. വിവിധ ഊരുകളിൽ മന്ത്രി സന്ദർശനം നടത്തും. മന്ത്രിയുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. വിവിധ ആദിവാസി ഊരുകളിൽ നിന്നായി നാലു ദിവസത്തിനിടെ മരിച്ച അഞ്ചു കുട്ടികളിൽ മൂന്നും നവജാത ശിശുക്കളാണ്. ശിശുമരണങ്ങൾ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അട്ടപ്പാടി വീട്ടിയൂർ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളിയിലെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിയൂർ ഊരിലെ ഗീതു,സനേഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തൊട്ടു പിന്നാലെ അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുളള മകളും മരിച്ചു. രാത്രിയോടെയാണ് മൂന്നാമത്തെ കുട്ടി മരണത്തിന് കീഴടങ്ങിയത്. കടുകുമണ്ണ ഊരിലെ ജെക്കി ചെല്ലൻ ദമ്പതികളുടെ ആറുവയസ്സുകാരിയായ മകളുടെ മരണം ഹൃദ്രോഗ ബാധയെ തുടർന്നായിരുന്നു. കുട്ടി സെറിബ്രൽ പാൾസി ബാധിതയായിരുന്നു. രക്തകുറവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവൻ കണ്ടി തുളസി ബാലകൃഷ്ണന്റെ കുഞ്ഞും മരിച്ചിരിച്ചിരുന്നു. ശിശുമരണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 12 കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്.