Kerala
കുഞ്ഞിന്റെ മൃതദേഹവുമായി മൂന്ന് കിലോമീറ്റർ നടന്നതിന് മറുപടി പറയണമെന്ന് പ്രതിപക്ഷം; സഹായം കിട്ടാത്തത് കൊണ്ടല്ല കുട്ടി മരിച്ചതെന്ന് മന്ത്രി
Kerala

കുഞ്ഞിന്റെ മൃതദേഹവുമായി മൂന്ന് കിലോമീറ്റർ നടന്നതിന് മറുപടി പറയണമെന്ന് പ്രതിപക്ഷം; സഹായം കിട്ടാത്തത് കൊണ്ടല്ല കുട്ടി മരിച്ചതെന്ന് മന്ത്രി

Web Desk
|
14 July 2022 6:08 AM GMT

അട്ടപ്പാടിയിൽ ഏറ്റവുമധികം ശിശു മരണം ഉണ്ടായത് യു.ഡി.എഫ് കാലത്താണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

തിരുവനന്തപുരം: കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് മൂന്ന് കിലോമീറ്റർ നടന്നതിന് സർക്കാർ മറുപടി പറയണമെന്ന് എൻ.ഷംസുദീൻ എം.എൽ.എ. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ഷംസുദ്ദീൻ നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

'ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്ന കാഴ്ചകള്‍ ഇടത് പക്ഷം ഭരിക്കുന്ന സംസ്ഥാനത്താണ് കാണേണ്ട ദുരവസ്ഥയാണ്. ശിശു വിലാപം പതിക്കുന്നത് ബധിരകർണങ്ങളിലാണെന്നും പറഞ്ഞ കാര്യങ്ങൾ ഒന്ന് നടപ്പായില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.

'ശിശു മരണങ്ങൾ വീണ്ടും വർധിക്കുകയാണ്. 2017-18 ൽ 30 ഓളം ശിശുമരണങ്ങൾ ഉണ്ടായി.ഈ വർഷം ഒമ്പതും ഈ മാസം നാലും മരണങ്ങൾ സംഭവിച്ചു. കോട്ടത്തറ ആശുപത്രിയിൽ 100 കിടക്കകൾ പ്രഖ്യാപിച്ചിട്ടും നടപ്പായില്ലെന്നും ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചെന്നും കാന്റീൻ പൂട്ടിയെന്നും' ഷംസുദ്ദീൻ ആരോപിച്ചു. രാഷ്ട്രീയ വിരോധം കൊണ്ട് ഡോ.പ്രഭു ദാസിനെ മാറ്റുകയായിരുന്നു.പകരം വന്ന ഡോക്ടറിന് ഒന്നും അറിയില്ല. പ്രത്യേക പദ്ധതി നടപ്പാക്കിയില്ലെങ്കിൽ വംശഹത്യക്ക് കൂട്ട് നിൽക്കുന്നു എന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അട്ടപ്പാടിയിൽ ഏറ്റവുമധികം ശിശു മരണം ഉണ്ടായത് യു.ഡി.എഫ് കാലത്താണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. അർധരാത്രി പാൽ കൊടുത്ത് കിടത്തിയ കുട്ടിയാണ് അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.ഒരു അസുഖവും ഇല്ലാത്ത കുട്ടിയായിരുന്നു. രാത്രി പാലുകൊടുത്ത് അമ്മ കിടത്തിയ കുട്ടിയാണ് വെളുപ്പിന് മരിച്ചത്. ഷംസുദ്ദീൻ സഭയെ തെറ്റിദ്ധരിപ്പിക്കുയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ വർഷം ജനിച്ച കുട്ടികളിൽ ഒരു കുട്ടിക്ക് മാത്രമാണ് മതിയായ തൂക്കം ഇല്ലാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ സഹായം കിട്ടാത്തത് കൊണ്ടല്ല കുട്ടി മരിച്ചതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. 'അയ്യപ്പൻ - സരസ്വതി ദമ്പതികളുടെ കുട്ടിയുടെ മരണകാരണം വ്യക്തമല്ല.റോഡുള്ള ഭാഗം വരെ ആംബുലൻസിൽ മൃതദേഹം എത്തിച്ചിരുന്നു.100 ലേറെ ഊരുകളിൽ വാഹനങ്ങൾ എത്താൻ സൗകര്യമില്ല. ഇവിടേക്ക് റോഡ് വെട്ടുക എന്നത് പ്രയാസകരമാണ്.വളരെ റിമോട്ട് ആയ ഗ്രാമമാണത്. 13 കുടുംബങ്ങൾ അവിടെ ഉണ്ട്. ചിലർ അവിടെ നിന്ന് മാറി താമസിക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇവിടേക്ക് വാഹനമെത്തിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കും'. 6.98 കോടി രൂപ കോട്ടത്തറ ആശുപത്രിയുടെ വികസനത്തിന് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥതല യോഗം ചേർന്നെന്നും മന്ത്രി പറഞ്ഞു.

Similar Posts