ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ എന്തിന് ഒഴിവാക്കി? സാംസ്‌കാരിക വകുപ്പിന് വിമർശനം
|ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷൻ പരിശോധിക്കും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷൻ പരിശോധിക്കും. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ സാംസ്‌കാരിക വകുപ്പിന് നിർദേശം നൽകി. സീൽ ചെയ്‌ത കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപം ഇന്ന് ഹാജരാക്കും. മുന്നറിയിപ്പില്ലാതെ പേജുകൾ ഒഴിവാക്കിയതിന് സാംസ്‌കാരിക വകുപ്പിനെതിരെ വിമർശനവുയർന്നു. മാധ്യമപ്രവർത്തകർ സമർപ്പിച്ച അപ്പീലിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
റിപ്പോർട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കാനായിരുന്നു കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേജുകളിലായി 33 പാരഗ്രാഫുകൾ ഒഴിവാക്കാമായിരുന്നു വിവരാവകാശ കമ്മീഷൻ സാംസ്‌കാരിക വകുപ്പിന് നിർദേശം നൽകിയിരുന്നത്. മറ്റേതെങ്കിലും ഭാഗങ്ങളിൽ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ ഉണ്ടെങ്കിൽ സാംസ്‌കാരിക വകുപ്പിന്റെ വിവരാവകാശ കമ്മീഷണർക്ക് സ്വമേധയാ ഒഴിവാക്കാം, പക്ഷേ, ഒഴിവാക്കുന്ന ഭാഗങ്ങൾ ഏതൊക്കെയെന്ന് അപേക്ഷകർക്ക് കൃത്യമായി വിവരം നൽകണമെന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ, ഈ നിർദേശത്തിന്റെ പുറത്ത് 144 പാരഗ്രാഫുകൾ വിവരാവകാശ കമ്മീഷണർ ഒഴിവാക്കിയിരുന്നു. ഇതിൽ 101 പാരഗ്രാഫുകളുടെ വിവരങ്ങൾ മാത്രമേ അപേക്ഷകരായ മാധ്യമപ്രവർത്തകർക്ക് നൽകിയിരുന്നുള്ളൂ. മുന്നറിയിപ്പില്ലാതെ 33 പാരഗ്രാഫുകൾ ഒഴിവാക്കിയെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്.
തുടർന്ന് മാധ്യമപ്രവർത്തകർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് പരിശോധിക്കാൻ വിവരാവകാശ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.