Kerala
ദിലീപിന്റെ ഒരു ഫോണിലെ വിവരങ്ങൾ നീക്കിയത് 75,000 രൂപയ്ക്ക്; മുംബൈ ലാബില്‍ നിന്ന് നിര്‍ണായക തെളിവുകള്‍
Kerala

ദിലീപിന്റെ ഒരു ഫോണിലെ വിവരങ്ങൾ നീക്കിയത് 75,000 രൂപയ്ക്ക്; മുംബൈ ലാബില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

Web Desk
|
9 March 2022 5:45 AM GMT

ലാബിലെ കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറര്‍ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചു

വധഗൂഢാലോചനാക്കേസിൽ ദിലീപിന്‍റെ മൊബൈൽഫോണുകളിലെ വിവരങ്ങള്‍ നീക്കിയെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകളിലെ ഡാറ്റ മാറ്റിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു ഫോണിലെ വിവരങ്ങൾ മാറ്റാൻ 75,000 രൂപ പ്രതിഫലം ലഭിച്ചെന്നാണ് ലാബ് ജീവനക്കാരന്റെ മൊഴി. ദിലീപ് മൊബൈൽഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരന്‍ സുഗീന്ദ്ര യാദവിന്‍റെ മൊഴി. ചില അനധികൃത ഇടപാടുകളും ഈ ലാബ് മുഖേന നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ലാബിലെ കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറര്‍ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചു.

പ്രതികള്‍ക്ക് ലാബ് പരിചയപ്പെടുത്തുന്നത് ഇന്‍കം ടാക്സ് അസി.കമ്മീഷണര്‍ ആയിരുന്ന വിന്‍സന്റ് ചൊവ്വല്ലൂരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് ഫോണുകളാണ് മുംബൈയില്‍ കൊണ്ടുപോയത്. ഇതില്‍ രണ്ട് ഫോണുകള്‍ മാത്രമേ കോടതി മുഖാന്തരം ഹാജരാക്കിയിട്ടുള്ളൂ. മറ്റ് രണ്ട് ഫോണുകളും ഇതുവരെ കിട്ടിയിട്ടില്ല.

അതേസമയം, പ്രൊഡക്ഷൻ മാനേജർ റോഷൻ ചിറ്റൂരിന്റെ പേരിലുള്ള സിം കാർഡ് ദിലീപ് ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണിലൂടെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിച്ചതെന്നാണ് സംശയിക്കുന്നത്. റോഷന്‍ ചിറ്റൂരിനെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Similar Posts