Kerala
kasim Irikkor

കാസിം ഇരിക്കൂര്‍

Kerala

ഗ്യാൻവാപി; കോടതി നടപടി ആശങ്കാജനകമെന്ന് ഐ.എൻ.എൽ

Web Desk
|
1 Feb 2024 8:22 AM GMT

ഹരജി സു​പ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്​ കീഴ്​ക്കോടതികൾ, രാജ്യത്തെ വർഗീയാന്തരീക്ഷണം മുതലെടുത്ത്​ നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്​

കോഴിക്കോട്: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക്​ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്​ ആശങ്കാജനകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കുന്നതുമാണെന്ന്​ ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ജഡ്​ജി അജയ്​ കൃഷ്​ണ പദവിയിൽനിന്ന്​ വിരമിക്കുന്ന ദിവസം നടത്തിയ വിധി പ്രഖ്യാപനം വൻ ഗൂഢാലോചനയുടെ ഭാഗമാണെന്നേ വിലയിരുത്താനാവൂ. 1986ൽ ബാബരി മസ്​ജിദ്​ പൂജക്കായി തുറന്നുകൊടുത്ത ഫൈസാബാദ്​ ജില്ലാ കോടതിയുടെ നടപടിക്ക്​ സമാനമാണിത്​. പൂജക്കായുള്ള സജ്ജീകരണം ഒരാഴ്​ചക്കുള്ളിൽ ഒരുക്കണം എന്ന ഉത്തരവ്​ കേൾ​ക്കേണ്ട താമസം മസ്​ജിദി​ന്‍റെ ബോർഡ്​ മറച്ച്​ ക്ഷേത്ര ബോർഡ്​ സ്​ഥാപിച്ചത്​ കോടതി ഉത്തരവിന്​ പിന്നിലെ ഭരണകൂട ഗൂഢാലോചന വ്യക്​തമാക്കുന്നുണ്ട്​. 1991​ലെ ആരാധനാലയ സംരക്ഷണ നിയമത്തി​ന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജി സു​പ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്​ കീഴ്​ക്കോടതികൾ, രാജ്യത്തെ വർഗീയാന്തരീക്ഷണം മുതലെടുത്ത്​ നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്​.

ജനുവരി 22​ന്‍റെ രാമക്ഷേത്ര പ്രതിഷ്​ഠക്കു ശേഷം രാജ്യത്ത്​ രൂപംകൊണ്ട ഹിന്ദുത്വ വിജയാഘോഷങ്ങളാണ്​ നിയമത്തി​ന്റെ അടിസ്​ഥാന തത്വങ്ങളെ കാറ്റിൽ പറത്താനും പക്ഷപാതപരമായോ വർഗീയമായോ ചിന്തിക്കാനും കോടതികളെ പ്രേരിപ്പിക്കുന്നതെങ്കിൽ, അതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഏകകണ്​ഠമായ ശബ്​ദം ഉയരേണ്ടതുണ്ടെന്ന്​ കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Related Tags :
Similar Posts