'ആദിവാസികൾക്ക് വീടുകൾ നിർമിച്ചുനൽകാനെന്ന പേരിൽ കോടികള്‍ തട്ടി'; സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ്സിനെതിരെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന് ആവശ്യം
|എച്ച്.ആർ.ഡി.എസ്സിനെതിരെ ആദിവാസി പട്ടയഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ എസ്.സി, എസ്.ടി കമ്മീഷൻ ഉത്തരവിട്ടു
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഐ.എൻ.എൽ. പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ദി ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി(എച്ച്.ആർ.ഡി.എസ് ഇന്ത്യ) എന്ന എൻ.ജി.ഒയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും ചൂണ്ടിക്കാട്ടിയാണ് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വിജിലൻസ് ഡയരക്ടർക്കും കത്തുനൽകിയത്.
കോടികളുടെ ആദിവാസി ഫണ്ടുകൾ തട്ടുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്‌തെന്നാണ് സ്ഥാപനത്തിനെതിരെ ഉയരുന്ന ആരോപണം. ആദിവാസി-വനവാസി വിഭാഗങ്ങൾക്കായി 10 കോടി വീടുകൾ നിർമിച്ചുനൽകാനായി 53,000ത്തിലധികം കോടി രൂപയുടെ സി.എസ്.ആർ ഫണ്ടുകൾ എച്ച്.ആർ.ഡി.എസ് ഇന്ത്യ സ്വരൂപിച്ചിട്ടുണ്ട്. എന്നാൽ, പൂർത്തീകരിച്ച പദ്ധതികളുടെ പൂർണമായ വിവരങ്ങൾ ഇതുവരെ ഈ സ്ഥാപനം പുറത്തുവിട്ടിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എച്ച്.ആർ.ഡി.എസ് കേരളത്തിലെ ആദിവാസികൾക്കായുള്ള വീട് നിർമാണ പദ്ധതികളുടെ മറിവിൽ വനഭൂമി കൈയേറുകയും വന്യജീവികളുടെ ആവാസവ്യവസ്ഥയെ തകിടംമറിക്കുന്ന രീതിയിൽ നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ആദിവാസി-വനവാസി നിയമങ്ങൾ ലംഘിക്കുകയും ഗുണനിലവാരമില്ലാത്ത വീടുകൾ നിർമിച്ച് വ്യാപകമായി അഴിമതി നടത്തുകയും ചെയ്യുന്നു. വാസയോഗ്യമല്ലാത്ത വീടുകൾ നിർമിച്ച് ആദിവാസികളെ വഞ്ചിച്ചു. പ്രഖ്യാപിച്ച വീടുകൾ നിർമിച്ചുനൽകാതെ കരാറുകാരുമായി ഒത്തുകളിച്ചു നടത്തിപ്പുകാർ പണം തട്ടിയെടുക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
ആദിവാസി-വനവാസി വിഭാഗങ്ങൾക്ക് അവകാശങ്ങൾ നിഷേധിച്ചു. ആദിവാസി വിഭാഗങ്ങൾക്ക് വിവിധ വികസന പദ്ധതികൡലൂടെ ലഭിക്കേണ്ട കോടിക്കണക്കിനു രൂപ വകമാറ്റി ചെലവഴിച്ചു. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടുകൾ ഉപയോഗിക്കുന്നതിൽ നിയമലംഘനം നടത്തുകയും അർഹതപ്പെട്ടവർ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതിനെ തടയുകയും ചെയ്തു. അനധികൃതമായി ഫണ്ടുകൾ തട്ടിയെടുക്കാൻ ഗൂഢാലോചന നടന്നു. നിയമവിരുദ്ധമായി ആദിവാസി ഭൂമിയിൽ പാട്ട കരാറുണ്ടാക്കി ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യവസ്ഥകൾ കരാറിൽ ഉൾക്കൊള്ളിക്കുകയും വനഭൂമി തട്ടിയെടുക്കുക്കുകയും ചെയ്തു. ആദിവാസി-വനവാസി വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടിൽനിന്ന് ഭീമമായ തുക ശമ്പള ഇനത്തിൽ അനർഹരായവർ കൈപ്പറ്റുന്നതായും പരാതിയിൽ തുടരുന്നു.
സ്ഥാപനത്തിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ മറവിൽ നടക്കുന്ന അഴിമതികളും തട്ടിപ്പുകളും പുറത്തുകൊണ്ടുവരണം. ആദിവാസികളെ വഞ്ചിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
അതിനിടെ, എച്ച്.ആർ.ഡി.എസ്സിനെതിരെ ആദിവാസി പട്ടയഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ എസ്.സി, എസ്.ടി കമ്മീഷൻ ഉത്തരവിട്ടു. അട്ടപ്പാടി മേഖലയ്ക്ക് യോജിക്കാത്ത വീടുകൾ നിർമ്മിക്കാൻ എച്ച്.ആർ.ഡിഎസ്സിന് അനുമതി നൽകരുതെന്ന് കലക്ടർക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ആദിവാസി ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്ന പരാതിയിലും സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലുമാണ് എച്ച്.ആർ.ഡി.എസ്സിനെതിരെ നിയമനടപടി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലാണ് എച്ച്.ആർ.ഡി.എസിനെതിരെ എസ്.സി, എസ്.ടി കമ്മീഷൻ മുൻപാകെ പരാതി നൽകിയത്.
Summary: INL asks investigation against HRDS, where Swapna Suresh is working