കടുത്തഗ്രൂപ്പിസവും തൊഴുത്തില്‍കുത്തും; ഐ.എന്‍.എല്‍ അസാധാരണ പ്രതിസന്ധിയില്‍
|ഐ.എന്‍.എല്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ശാഖാ തലം മുതല്‍ അടിമുടി വിഭാഗീയതയാണ്. മലപ്പുറത്തെ ജനകീയ നേതാവായ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മയിലിനെ പുറത്താക്കിയത് മുതലാണ് ഗ്രൂപ്പിസം ആളിക്കത്താന്‍ തുടങ്ങിയത്
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുന്നണി പ്രവേശനവും മന്ത്രിസഭാ അംഗത്വവും ലഭിച്ച ഗ്ലാമറില്‍ നില്‍ക്കുമ്പോഴും കടുത്ത വിഭാഗീയതയും തൊഴുത്തില്‍കുത്തും മൂലം ഐ.എന്‍.എല്‍ ഉലയുന്നു. നീണ്ട ഇടവേളക്ക് ശേഷം 2018 ല്‍ മാത്രം ഐ.എന്‍.എല്ലില്‍ സജീവമായ കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയായി വന്ന ശേഷം പാര്‍ട്ടി രണ്ടായി നിന്ന് പോരടിക്കുകയാണ്. നിയമസഭാ സീറ്റിന് 20 ലക്ഷം കോഴ ചോദിച്ചെന്ന ആരോപണത്തില്‍ നിന്നും പ്രസിഡണ്ട് എ പി അബ്ദുല്‍ വഹാബിനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ കമ്മീഷന് കുറ്റവിമുക്തനാക്കിയത്.
പാര്‍ട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം മറിച്ചു നല്കാന് 40 ലക്ഷം കോഴവാങ്ങിയെന്ന കടുത്ത ആരോപണം കാസിം ഇരിക്കൂറും നേരിടുന്നു. കാസിം പക്ഷത്തുള്ള ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായ ശേഷം വഹാബ് പക്ഷത്തുള്ള പലരും കൂറുമാറി. വ്യവസ്ഥാപിതമായ നേതൃ യോഗങ്ങള്‍ പോലും കഴിഞ്ഞ നാല് വര്‍ഷമായി ഐ.എന്‍.എല്ലില്‍ നടക്കുന്നില്ല. വലിയ പ്രതീക്ഷയോടെ ഐ.എന്‍.എല്ലില്‍ ലയിച്ച പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍.എസ്.സി) ആകട്ടെ നിരാശമൂലം തിരിച്ചു പോകാനുള്ള ആലോചനയിലാണ്.
ഐ.എന്‍.എല്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ശാഖാ തലം മുതല്‍ അടിമുടി വിഭാഗീയതയാണ്. മലപ്പുറത്തെ ജനകീയ നേതാവായ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മയിലിനെ പുറത്താക്കിയത് മുതലാണ് ഗ്രൂപ്പിസം ആളിക്കത്താന്‍ തുടങ്ങിയത്. നേതൃത്വത്തോട് ചോദിക്കാതെ ഇടതുമുന്നണിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തത് പാതകമായി ഉന്നയിച്ചാണ് കാസിം ഗ്രൂപ്പ് ഇസ്മയിലിനെ പുറത്താക്കിയത്. മലപ്പുറത്ത് ഒരു പരിപാടിയിലും പങ്കെടുക്കരുതെന്ന ദേശീയ അധ്യക്ഷന്‍ പ്രഫ.മുഹമ്മദ് സുലൈമാന്റെ നോട്ടീസാണ് ഇസ്മയിലിനെ ആദ്യം തേടിയെത്തിയത്. സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ പി അബ്ദുല്‍ വഹാബിനൊപ്പം നിന്ന ഇസ്മാഈയിലിനെതിരെ ദേശീയ അധ്യക്ഷനിലുള്ള സ്വാധീനം കാസിം പക്ഷം സമര്‍ത്ഥമായി ഉപയോഗിച്ചു. വഹാബ് പക്ഷക്കാരായ കോഴിക്കോട്ടെ നേതാക്കള്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഇസ്മയില്‍ പങ്കെടുത്തതോടെ കോഴിക്കോട്ടും ഗ്രൂപ്പിസം കത്താന്‍ തുടങ്ങി.
അന്‍വര്‍ സാദത്തിനെ പ്രസിഡണ്ടാക്കി മലപ്പുറം ജില്ലാ കമ്മിറ്റി കാസിം ഇരിക്കൂര്‍ നിയന്ത്രണത്തിലാക്കി. എന്നാല്‍ വഹാബ് പക്ഷത്ത് ഉറച്ചു നിന്ന ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളും അന്‍വര്‍ സാദത്തിനെ അംഗീകരിച്ചില്ല. ജില്ലാ കൗണ്‍സില്‍ വിളിച്ച് സമവായത്തിന് ശ്രമം നടത്തി. സംസ്ഥാന നേതൃത്വം നിയോഗിച്ച സമിതി അഡ്വ. ഒ കെ തങ്ങളെ ജില്ലാ പ്രസിഡണ്ടാക്കി. ഒ.കെ തങ്ങളെ അംഗീകരിക്കാന്‍ കാസിം ഗ്രൂപ്പ് തയ്യാറായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകാരല്ലാത്തവര്ക്ക് ചിഹ്നം ലഭിക്കാത്ത സ്ഥിതിയും മലപ്പുറത്തുണ്ടായി. ഇതിനിടെ മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ മുഖമായ സംസ്ഥാന സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസിനെയും സംഘടനയില്‍ ഒതുക്കി.
അടിമുടി പാര്‍ട്ടി സ്തംഭിച്ചു പോയ ഘട്ടത്തില്‍ കോഴിക്കോട്ടെ പ്രമുഖ മതനേതാവിന്റെ മധ്യസ്ഥതയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. സമവായത്തിന് തീരുമാനമായെങ്കിലും ദിവസങ്ങള്‍ക്കകം പഴയ രീതിയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. ഇതിനിടെ കണ്ണൂരില്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ വഹാബ് പക്ഷം ശക്തി തെളിയിച്ചു. എന്നാല്‍ പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ഒരു നേതൃയോഗം പോലും ചേരാന്‍ കഴിയാത്ത സ്ഥിതി വന്നു. നിയസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന കാര്യത്തിലും സംഘടനാപരമായ ക്രമങ്ങള്‍ പാലിച്ചില്ല. തിരുവനന്തപുരത്ത് തിരക്കിട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാന നേതൃയോഗം പോലും വിളിക്കാതെ പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പോലും മാധ്യമങ്ങളിലൂടെയാണ് സ്ഥാനാര്‍ഥികളുടെ പേര് ആദ്യം കേട്ടത്. തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് എ പി അബ്ദുല്‍ വഹാബ് തോല്‍ക്കുകയും കാസിം പക്ഷത്തുള്ള അഹമ്മദ് ദേവര്‍കോവില്‍ ജയിക്കുകയും ചെയ്തതോടെ വിഭാഗീയത മറ്റൊരു ഘട്ടത്തിലേക്ക് കടന്നു.
പാര്‍ട്ടിയുടെ ഏക എംഎല്‍എ തങ്ങള്‍ക്കൊപ്പമാണെന്ന് വന്നതോടെ വഹാബ് പക്ഷത്തെ വെട്ടിനിരത്തിയുള്ള നീക്കങ്ങളാണ് പിന്നീട് കാസിം ഗ്രൂപ്പ് നടത്തിയത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയില്‍ കൂടിയാലോചന പോലുമില്ലാതെ കാസിം ഗ്രൂപ്പ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്തു. മന്ത്രിസ്ഥാനം കൂടി ലഭിച്ചതോടെ കാസിം പക്ഷത്തേക്ക് കൂടുതല്‍ പേര് ചേക്കേറി. നിരാശരായവരും ഗ്രൂപ്പ് കൊണ്ട് മുറിവേറ്റവരും പലതരം ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ നേതാക്കള്‍ പൂര്‍ണ്ണമായും രണ്ട് കള്ളിയിലായി. ഇതിനിടെ നിയമസഭാ സീറ്റിനായി പ്രസിഡണ്ട് പ്രഫ. എ.പി അബ്ദുല്‍ വഹാബ് 20 ലക്ഷം കോഴ ചോദിച്ചെന്ന ആരോപണം ഒരു ജില്ലാ നേതാവ് വോയ്സ് ക്ലിപ്പാക്കി പുറത്തുവിട്ടു. വിവാദമായപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ വെച്ചു. വോയ്സ് ക്ലിപ്പ് പ്രചരിപ്പിച്ച നേതാവിനെ പുറത്താക്കി. വഹാബിനെ കമ്മീഷന് കുറ്റവിമുക്തനാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പലവട്ടം പോര്‍വിളികളുണ്ടായി. വഹാബിനെതിരെ കോഴ ആരോപണം ഉന്നയിച്ചവര്‍ക്കെതിരായ നടപടി മാത്രമേ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ കാസിം പക്ഷം അനുവദിച്ചുള്ളൂ. ഇതല്ലാത്ത ഏക തീരുമാനം മെംബര്‍ഷിപ്പ് കാംപയിന് തുടങ്ങുന്നത് മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം, തെരഞ്ഞെടുപ്പ് ഫലം, സ്ഥാനാര്‍ഥി നിര്‍ണയം, മന്ത്രിപദവി, മന്ത്രിയുടെ സ്റ്റാഫ് നിയമനം തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇത്തരം വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതാരിക്കാന്‍ കാസിം പക്ഷം ഒരുങ്ങി വന്നതിന്റെ തെളിവാണ് കമ്മീഷന് റിപ്പോര്‍ട്ടില്‍ മാത്രം ചര്‍ച്ച ഒതുക്കിയതെന്നാണ് വഹാബ് പക്ഷം ആരോപിക്കുന്നത്.
ഇടതുമന്ത്രിസഭയിലുള്ള ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് ഐ.എന്‍.എല്ലിന് ചരിത്രപരമായി തന്നെ വലിയ രാഷ്ട്രീയ പ്രസക്തി കൈവന്ന സാഹചര്യമാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സംഘടന വിപുലീകരിക്കാനും വളര്‍ത്താനുമുള്ള സാധ്യത നിലനില്ക്കുന്നു. പലരും പാര്‍ട്ടിയുമായി സഹകരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഈ ഘട്ടത്തിലാണ് പാര്‍ട്ടിയിലെ വിഭാഗീയത വലിയ വിലങ്ങു തടിയാകുന്നതും ജനറല്‍ സെക്രട്ടറി തന്നെ അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടിവരുന്നതും.
14 ജില്ലകളിലും രണ്ട് ഗ്രൂപ്പായി പാര്‍ട്ടി പിളര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലില്‍ ലയിച്ച നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ്. ലയന സമയത്ത് നല്കിയ ഉറപ്പുകളൊന്നും INL നേതൃത്വം പാലിച്ചില്ലെന്ന വിമര്‍ശനവും പി ടി എ റഹീമിനൊപ്പമുള്ളവര്ക്കുണ്ട്. കാസിം വിരുദ്ധരും സെക്കുലര്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മുസ്ലിം ലീഗിന്റെ ജീര്‍ണതകളെ ചോദ്യം ചെയ്ത് രംഗത്ത് വന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ ഉടന്‍ തന്നെ മുസ്ലിം ലീഗ് അഭിമുഖീകരിച്ചതിനേക്കാള്‍ വലിയ ധാര്‍മ്മിക ചോദ്യങ്ങള്‍ നേരിടുന്നുവെന്നത് ചരിത്രത്തിലെ തന്നെ ഒരു വൈരുധ്യമായി തുടരും.