കോടതി ഉത്തരവ് ലംഘിച്ച് ഐഎൻഎല്ലിന്റെ പേരും പതാകയും ഉപയോഗിക്കുന്നതിനെതിരെ ഡിജിപിക്ക് പരാതി
|കോടതി ഉത്തരവ് ലംഘിച്ച് എ.പി അബ്ദുൽ വഹാബ് പക്ഷം പാർട്ടി പതാകയും പേരും ഉപയോഗിക്കുന്നുവെന്നാണ് കാസിം ഇരിക്കൂർ പക്ഷത്തിന്റെ പരാതി.
കോഴിക്കോട്: പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവർ ഐഎൻഎല്ലിന്റെ പേരോ പതാകയോ ഉപയോഗിക്കാൻ പാടില്ല എന്ന കോഴിക്കോട് മൂന്നാം അഡീഷണൽ സബ് കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ച് പരിപാടികൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. പാർട്ടിയുടെ ഭാരവാഹികളായി ചമയുകയോ ഐഎൻഎല്ലിന്റെ പേരിൽ പരിപാടികൾ സംഘടിപ്പിക്കുകയോ പാടില്ല എന്ന കർശന നിർദേശം കാറ്റിൽ പറത്തിയാണ് ഒരു വിഭാഗം പ്രവർത്തിക്കുന്നതെന്ന് ഡി.ജ.പിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനത്തിെൻറ പേരിൽ വർഷങ്ങൾക്ക് മുമ്പ് ഐഎൻഎൽ ദേശീയ നേതൃത്വം പുറത്താക്കിയ കെ.പി ഇസ്മാഈലും ഇപ്പോൾ സബ്കോടതി അനുവദിച്ച ഇടക്കാല ഉത്തരവിനെതിരെ കക്ഷി ചേർന്നവരുമൊക്കെ ഐഎൻഎല്ലിന്റെ പതാകയും ലെറ്റർഹെഡും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ഐഎൻഎൽ ദേശീയ നേതൃത്വം പുറത്താക്കിയ എ.പി അബ്ദുൽ വഹാബിനെയും നാസർ കോയ തങ്ങളെയും അവരെ പിന്തുണക്കുന്നവരെയും ഐഎൻഎല്ലുകാരായി അറിയപ്പെടാനോ പാർട്ടിയുടെ ബാനറിൽ സംഗമിക്കാനോ പണപ്പിരിവ് നടത്താനോ അനുവദിക്കരുത് എന്ന ആവശ്യമാണ് സബ് കോടതി അനുവദിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് പരിപാടി നടത്തുന്നത് കടുത്ത കോടതിലക്ഷ്യമാണെന്നും സാമൂഹിക സംഘർഷത്തിന് വഴിവെക്കുമെന്നതിനാൽ പൊലിസ് ഇടപെടണമെന്നുമാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടതെന്ന് സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.