Kerala
27 വർഷം എല്‍ഡിഎഫിനൊപ്പം നിന്നതിനുള്ള അർഹമായ അംഗീകാരം: അഹമ്മദ് ദേവര്‍കോവില്‍
Kerala

27 വർഷം എല്‍ഡിഎഫിനൊപ്പം നിന്നതിനുള്ള അർഹമായ അംഗീകാരം: അഹമ്മദ് ദേവര്‍കോവില്‍

Web Desk
|
17 May 2021 8:41 AM GMT

മന്ത്രിസ്ഥാനം ലഭിച്ചത് വലിയ അംഗീകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു

27 വർഷം എല്‍ഡിഎഫിനൊപ്പം നിന്നതിനുള്ള അർഹമായ അംഗീകാരമെന്ന് നിയുക്ത മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവർകോവില്‍. ജനക്ഷേമം മുന്‍ നിർത്തിയായിരിക്കും പ്രവർത്തനമെന്നും ദേവർകോവില്‍ മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് സൌത്തില്‍ നിന്ന് മുസ്‍ലിം ലീഗ് 25 വര്‍ഷത്തിന് ശേഷം മത്സരിപ്പിച്ച വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെയാണ് അഹമ്മദ് ദേവര്‍കോവില്‍ പരാജയപ്പെടുത്തിയത്. ഐഎന്‍എല്ലിന് ആദ്യ രണ്ടര വര്‍ഷമാണ് മന്ത്രിസ്ഥാനം ലഭിക്കുക. വകുപ്പ് ഏതെന്ന് പിന്നീട് തീരുമാനമാകും.

ഐഎന്‍എല്ലിനൊപ്പം ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആദ്യ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിച്ചു. തിരുവനന്തപുരത്ത് നിന്ന് വിജയിച്ച ആന്‍റണി രാജു മന്ത്രിസഭയിലെ പുതുമുഖമാണ്. മന്ത്രിസ്ഥാനം ലഭിച്ചത് വലിയ അംഗീകരമാണെന്നായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍

സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും

സിപിഐയ്ക്ക് 4ഉ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും

കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജെഡിഎസ്- ഓരോ മന്ത്രിമാര്‍. കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം കൂടി ലഭിക്കും.

ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആദ്യ രണ്ടര വര്‍ഷക്കാലം മന്ത്രിസ്ഥാനം

കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം

സിപിഎം പരിഗണിക്കുന്നത് പുതുമുഖങ്ങളെ

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഒഴികെ ബാക്കിയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കും. രണ്ടാമൂഴം കെ കെ ശൈലയ്ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ. അന്തിമ തീരുമാനം നാളെയുണ്ടാകും.

കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവര്‍ മന്ത്രിമാരാകും. എം ബി രാജേഷിനെയും പി എ മുഹമ്മദ് റിയാസിനെയും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് റിയാസ് അല്ലെങ്കില്‍ കാനത്തിൽ ജമീല മന്ത്രിയാകും. കോട്ടയത്ത് നിന്ന് വി എൻ വാസവനും ആലപ്പുഴയിൽ നിന്ന് സജി ചെറിയാനോ പി പി ചിത്തരഞ്ജനോ മന്ത്രിയാകും. മലപ്പുറത്ത് നിന്ന് പി നന്ദകുമാറോ വി അബ്ദുറഹ്മാനോ മന്ത്രിയാകും.

ചോദിച്ചത് രണ്ട് മന്ത്രിസ്ഥാനം, കിട്ടിയത് ഒരു മന്ത്രിസ്ഥാനം

ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പുമാണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് ലഭിച്ചത്. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിമിതികളുണ്ടെന്ന് സിപിഎം അറിയിച്ചെന്ന് ജോസ് കെ മാണി പ്രതികരിച്ചു. റോഷി അഗസ്റ്റിന്‍ മന്ത്രിയാകാനാണ് സാധ്യത. എന്‍ ജയരാജ് ചീഫ് വിപ്പാകും.

ജെഡിഎസ് മന്ത്രിയായി കെ കൃഷ്ണൻകുട്ടിയെ തീരുമാനിച്ചു. എന്‍സ്പിയിൽ മന്ത്രി സ്ഥാനം പങ്കിടാൻ ധാരണ. എ കെ ശശീന്ദ്രനും തോമസ് കെ തോമസും മന്ത്രിസ്ഥാനം പങ്കിടും. സിപിഐയും സിപിഎമ്മും മന്ത്രിമാര്‍ ആരെന്ന അന്തിമ തീരുമാനം നാളെയെടുക്കും.

Similar Posts