സുരേഷ് ഗോപിയുടെ പോസ്റ്ററിൽ ഇന്നസെന്റ്; പരാതി നൽകി എൽ.ഡി.എഫ്
|ഇന്നസെൻ്റിൻ്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇടത് മുന്നണി പരാതി നൽകിയതോടെ എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് നീക്കം ചെയ്യുകയും ചെയ്‌തു.
മുൻ എംപിയും, നടനുമായിരുന്ന ഇന്നസെന്റിന്റ ചിത്രം സുരേഷ് ഗോപി പ്രചാരണ ബോർഡുകളിൽ ഉപയോഗിച്ചതിനെതിരെ എൽ.ഡി.എഫ് തൃശൂർ കലക്ടർക്ക് പരാതി നൽകി. മുന്നണിയുടെയോ ഇന്നസെന്റിന്റെയോ കുടുബത്തിന്റേയോ അനുമതിയില്ലാതെയാണ് ചിത്രം ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയത്.
സംഭവം വിവാദമായതിന് പിന്നാലെ ഇടത് മുന്നണി പരാതി നൽകിയതോടെയാണ് എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി ഫ്‌ളക്‌സ് നീക്കം ചെയ്യുകയും ചെയ്‌തു. ഇന്നസെൻ്റിൻ്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് ഇന്നസെന്റിന്റെ കുടുംബം അറിയിച്ചിരുന്നത്.
ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പമുള്ള ചിത്രമടങ്ങിയ ബോർഡ് വച്ചായിരുന്നു സ്ഥാനാർഥികളുടെ പ്രചാരണപ്പോര്. സുരേഷ് ഗോപിക്ക് പുറമേ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനില്‍കുമാറിനൊപ്പവും മുന്‍ എംപിയും സിനിമ താരവുമായ ഇന്നസെന്റ് നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രചാരണ ബോർഡുകളിൽ ഉണ്ടായിരുന്നത്.
ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സുനിൽ കുമാറിന്റെ ചിത്രമാണ് ആദ്യം ഉയർന്നിരുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം കൂടി ഉയർന്നതോടെ സംഭവം വിവാദങ്ങൾക്ക് വഴിമാറുകയായിരുന്നു.