Kerala
ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനി കാപിക്കിന്‍റേതല്ല; പരിശോധന തുടരുന്നു
Kerala

ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനി കാപിക്കിന്‍റേതല്ല; പരിശോധന തുടരുന്നു

Web Desk
|
1 Nov 2022 1:26 PM GMT

കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബൽ കാപിക്കിന്‍റേതല്ലെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായും അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനി വാങ്ങിയ കുപ്പി രാമവർമൻചിറയിലെ കുളത്തിൽ നിന്നാണ് കണ്ടെത്തിയത്. പത്തരയോടെ എസ്പി ഓഫീസിൽ നിന്ന് അന്വേഷണസംഘം പ്രതികളുമായി പാറശ്ശാലയിലേക്ക് പുറപ്പെട്ടു. ആദ്യം പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് തമിഴ്‌നാട് പൊലീസിന് മുന്നിലും സിന്ധുവിനെയും നിർമ്മൽ കുമാറിനെയും എത്തിച്ചു. ശേഷം രാമവർമ്മൻചിറയിൽ എത്തിച്ച് തെളിവെടുത്തു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പി ഇവിടെനിന്ന് നിർമ്മൽ കുമാർ അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.

ഗ്രീഷ്മ ആദ്യം കുപ്പി ഉപേക്ഷിച്ചത് വീടിന് പിൻവശത്തായിരുന്നു. ഇവിടെനിന്ന് അമ്മാവൻ നിർമ്മൽ കുമാറാണ് കുപ്പി കുളത്തിൽ കൊണ്ടിട്ടത്. ഇത് അടക്കമുള്ള പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. വീട്ടിൽ നിന്ന് നാലു കുപ്പികളാണ് കണ്ടെത്തിയത്. ഒരു കുപ്പിയിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അംശം ഉണ്ടായിരുന്നു. തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വീട് സീൽ ചെയ്തു. തെളിവെടുപ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വീടിനു സമീപം തടിച്ചു കൂടിയിരുന്നു.

Similar Posts