ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: പ്രതി ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാമതും തള്ളി
|പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യാക്കേസിൽ പ്രതിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി.പ്രതിയും പെൺകുട്ടിയുടെ മുൻ സുഹൃത്തുമായ ബിനോയിയുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി തള്ളിയത്.
പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജാമ്യാപേക്ഷ പരിഗണക്കവേ കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും പൊലീസ് കോടതിയിൽ വാദിച്ചു. ഗർഭച്ഛിദ്രം നടത്തിയ ശേഷവും പീഡിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കഴിഞ്ഞ ജൂൺ 16-നാണ് മരിച്ചത്.
ബിനോയ് പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പ്രതി സുഹൃത്തുക്കളെ ഉപയോഗിച്ച് ഗുരുതരമായ സൈബർ അതിക്രമവും നടത്തിയിരുന്നു. ഇത്തരത്തിൽ ഗുരുതരമായ സൈബർ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നൽകേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്.