Kerala
സമാധാന യോഗത്തിന് പകരം പൊലീസിന്‍റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നത്; പൊലീസ് കസ്റ്റഡിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്
Kerala

''സമാധാന യോഗത്തിന് പകരം പൊലീസിന്‍റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നത്''; പൊലീസ് കസ്റ്റഡിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്

ijas
|
21 Dec 2021 3:20 PM GMT

മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സമാധാന യോഗത്തിലാണ് നവാസ് പങ്കെടുക്കേണ്ടിയിരുന്നത്

ആലപ്പുഴ കലക്ടറേറ്റിൽ നടക്കുന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ട്. സമാധാന യോഗത്തിന് പകരം പൊലീസിന്‍റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നതെന്നും ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനാണ് ഈ വൃത്തികെട്ട കളി കളിക്കുന്നതെങ്കിൽ സമാധാന യോഗത്തിന് പുതിയ അർത്ഥം വെക്കാൻ തങ്ങളും നിർബന്ധിതരാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് പറഞ്ഞു.

മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും എസ്.ഡി.പി.ഐ നേതാവുമായ നവാസ് നൈനയെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം കരുതൽ തടങ്കലിലാണ് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സമാധാന യോഗത്തിലാണ് നവാസ് പങ്കെടുക്കേണ്ടിയിരുന്നത്. എംപിമാരും എംഎൽഎമാരും വിവിധ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച ചേരാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ രഞ്ജിത്തിന്‍റെ സംസ്‌കാരം നടക്കുന്നതിനാൽ പങ്കെടുക്കാനാകില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചതോടെയാണ് യോഗം ഇന്നത്തേക്കു മാറ്റിയത്.

ഇപ്പോള്‍ നടന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിലുണ്ടാകരുതെന്ന് സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സജി ചെറിയാന്‍ വ്യക്തമാക്കി. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ തലങ്ങളില്‍ സമാധാനത്തിനായുള്ള പ്രചാരണങ്ങള്‍ നടത്തുമെന്നും അറിയിച്ചു.

Related Tags :
Similar Posts