മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ചതിൽ കേസെടുക്കില്ല; പരാതിയില്ലെന്ന് അധ്യാപകന്റെ മൊഴി
|മഹാരാജാസ് കോളേജ് അധികൃതരാണ് എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലീസിൽ പരാതി നൽകിയത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴി നൽകി.
ഇതോടെയാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളേജ് അധികൃതരാണ് എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ഫാസിലടക്കമുള്ള ആറ് വിദ്യർഥികൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
വിവാദമായ വീഡിയോയും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്ത്‌നിന്ന് ഒരു നടപടിയോ അന്വേഷണമോ വേണ്ടയെന്ന് അധ്യാപകൻ അവശ്യപ്പെട്ടിരുന്നു. നിലവിൽ കോളേജിന്റെ പ്രാഥമിക അന്വേഷണത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലടക്കമുള്ള ആറ് വിദ്യാർഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു.