Kerala
കോൺഗ്രസിനെ നയിക്കാൻ ബുദ്ധിയും സാമർഥ്യവും മാത്രം പോരാ, തരൂർ ഒരു ട്രെയ്‌നി മാത്രം: സുധാകരൻ
Kerala

കോൺഗ്രസിനെ നയിക്കാൻ ബുദ്ധിയും സാമർഥ്യവും മാത്രം പോരാ, തരൂർ ഒരു ട്രെയ്‌നി മാത്രം: സുധാകരൻ

Web Desk
|
16 Oct 2022 7:29 AM GMT

ഖാർഗെ ഔദ്യോഗിക സ്ഥാനാർഥിയല്ലെന്നും കെപിസിസി പ്രസിഡന്റ്

കോഴിക്കോട്: കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിന് വേണ്ടത്ര അനുഭവ സമ്പത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് വളർന്നു വന്ന നേതാവാണ് മല്ലികാർജുന ഖാർഗെയെന്നും അദ്ധേഹത്തിന്റെ അനുഭവസമ്പത്ത് പാർട്ടിയെ നയിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു പാർട്ടിയെ നയിക്കാനോ പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കാനോ കഴിയില്ല. ഇത് തരൂരിനെ പറഞ്ഞുബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. മറ്റേതെങ്കിലും പദവി സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു, പക്ഷെ അദ്ധേഹം ശക്തമായ ഒരു തീരുമാനമുള്ള ആളാണ്. പക്ഷെ പ്രായോഗികതയിൽ അത് സാധ്യമല്ല. ട്രെയിനിയായ ഒരാളെ ഫാക്ടറിയുടെ ചുമതലയേൽപ്പിക്കുന്നത് പോലെയാണത്. സംഘടനാപരമായി തരൂർ ഇപ്പോഴും ഒരു ട്രെയിനി ആണ്. അദ്ധേഹത്തിന് കഴിവുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷെ ഇതുവരെ ഒരു ബൂത്ത് പ്രസിഡന്റിന്റെ ചുമതല പോലും അദ്ധേഹം വഹിച്ചിട്ടില്ലെന്നും 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.

പാർട്ടിയിലെ യുവജനങ്ങൾ തരൂരിനെ പിന്തുണയ്ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് വയസ്സിൽ കാര്യമില്ല, അനുഭവസമ്പത്തിലാണ് കാര്യമെന്നായിരുന്നു പ്രതികരണം. കോൺഗ്രസ് പോലെയുള്ള ഒരു ദേശീയ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തിരിക്കാൻ അനുഭവപരിചയമാണ് ഏറ്റവും പ്രധാനം. അനുഭവക്കുറവ് അപകടമാണെന്ന് രാഹുൽ ഗാന്ധി പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അദ്ധേഹം അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത്. അതിനർഥം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് പരാജയമാണെന്നല്ല, ഭാരത് ജോഡോ യാത്ര നടത്തുന്നത് പോലും രാഷ്ട്രീയ അനുഭവങ്ങൾ നേടുന്നതിനായുള്ള രാഹുലിന്റെ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കലാണ്. യാത്ര പൂർത്തിയാവുന്നതോടെ പുതിയ രാഹുലിനെയാവും നമ്മളെല്ലാവരും കാണുകയെന്നും സുധാകരൻ പറഞ്ഞു.

തരൂരിന് കഴിവും സാധ്യതകളുമുണ്ട്. എപ്പോൾ വേണമെങ്കിലും അദ്ധേഹത്തിന് പാർട്ടിയിലെ മറ്റ് ഉന്നത പദവികൾ ഏറ്റെടുക്കാം. തരൂരിനും അത് നന്നായി അറിയാം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പാർട്ടി വിടുന്ന പ്രശ്‌നമില്ല. പക്ഷെ അൽപ്പം കൂടി കാത്തിരുന്നാൽ മാത്രമേ അദ്ധേഹത്തിന് ഉന്നത പദവികൾ ഏറ്റെടുക്കാൻ അവസരമുണ്ടാവുകയുള്ളൂ. അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം തരൂർ കോൺഗ്രസ് വിട്ടേക്കുമെന്ന സാധ്യതയും അദ്ധേഹം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് ആവർത്തിച്ച കെപിസിസി പ്രസിഡന്റ് ഖാർഗെ ഔദ്യോഗിക സ്ഥാനാർഥിയല്ലെന്നും പറഞ്ഞു

Similar Posts