Kerala
veena vijayan

വീണാ വിജയന്‍

Kerala

എക്സാലോജികിന്‍റെ ഹരജിയിൽ ഇന്ന് ഇടക്കാല ഉത്തരവ്; വീണാ വിജയന് നിര്‍ണായകം

Web Desk
|
16 Feb 2024 12:57 AM GMT

അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു

ബെംഗളൂരു: എസ്.എഫ്.ഐ. ഒ അന്വേഷണത്തിന് എതിരെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനി നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ. ഒ യ്ക്ക് നിർദേശം നൽകിയിരുന്നു.അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ. ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്‍റെ ഹരജിയിലെ വാദം. ജസ്റ്റിസ് നാഗപ്രസന്നയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജികിന്‍റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം. കമ്പനി കാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു. എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്സാലോജിക്കില്‍ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല. സോഫ്റ്റ്‍വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.

അതേസമയം മസാലബോണ്ട് ഇടപാടിൽ ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാലബോണ്ട് ഇടപാടിൽ എന്ത് നിയമലംഘനമാണ് നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ലെന്നാണ് തോമസ് ഐസക്കിന്‍റെ വാദം. കഴിഞ്ഞ ചൊവ്വാഴ്ച ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഇഡിക്ക് മുൻപാകെ ഹാജരാകുന്നതിൽ തടസമെന്താണെന്ന് കോടതി ചോദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ഉദ്യോഗസ്ഥരെ ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്നാണ് കിഫ്ബിയുടെ ആരോപണം. എന്നാൽ ഐസക്കും കിഫ്ബിയും അന്വേഷണം തടസപ്പെടുത്തുകയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിക്കുക.



Similar Posts