നരബലി കേസിൽ ചോദ്യം ചെയ്യൽ തുടരും; പ്രതികൾ ഹൈക്കോടതിയിൽ
|ഇലന്തൂരിൽ നടന്ന തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ മുന്നിൽ വച്ചാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്.
കൊച്ചി: ഇലന്തൂർ നരബലി കേസിൽ മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളിൽ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്വഷണ സംഘം ദിവസവും യോഗം ചേർന്ന് ഓരോ ദിവസവും ചോദ്യം ചെയ്യലും തെളിവെടുപ്പും ഒരുപോലെ കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഇന്നലെ മുഴുവൻ ചോദ്യംചെയ്യൽ മാത്രമാണ് ഉണ്ടായിരുന്നത്. പത്മ തിരോധാനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ള പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വഷണ സംഘത്തിൻ്റെ നീക്കം.
ഇലന്തൂരിൽ നടന്ന തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ മുന്നിൽ വച്ചാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. അതിനിടയിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മൂന്ന് പ്രതികളും ഹൈക്കോടതിക്ക് മുന്നിലെത്തി. ദിവസങ്ങൾ നീണ്ട തെളിവെടുപ്പിന്‍റെയും മറ്റും പേരിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത് വ്യാജ തെളിവ് നിർമിക്കാനാണെന്നാണ് പ്രതികളുടെ വാദം.
അന്വേഷണ സംഘം നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി പ്രോസിക്യൂഷൻ ചോദിച്ച അത്രയും ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നും പ്രതികൾ ആരോപിക്കുന്നു. ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം റോസ്‌ലിന്‍ തിരോധാന കേസിൽ കസ്റ്റഡി അപേക്ഷയ്ക്ക് പൊലീസ് നീക്കം നടത്താനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.