തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഭിമുഖം നിര്‍ത്തിവെച്ചു
|ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് അഭിമുഖം നിർത്തിവെച്ചത്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു
മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളൊന്നും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
തിരക്ക് കൂടിയതോടെ ടോക്കൻ സംവിധാനം ഏർപ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇന്‍റർവ്യൂ നടത്തിപ്പിൽ അപാകത ഉണ്ടെന്നും ടോക്കൻ സംവിധാനം ശരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി ഉദ്യോഗാർഥികളെ പിരിച്ചുവിട്ടു. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച ശേഷം സമയബന്ധിതമായി തുടർനടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് ഉദ്യോഗാർഥികൾ പിരിഞ്ഞുപോയത്.